ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമയുടെ പ്രകടനത്തിൽ ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റിന്റെ വിലയിരുത്തലിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ആദ്യ ഏകദിനത്തില് രോഹിത് 26 റണ്സിനും രണ്ടാം മത്സരത്തിൽ 24 റണ്സിനും രോഹിക് പുറത്തായി. ഇന്ത്യയുടെ മുൻ നായകൻ അത്ര താളത്തിലല്ലെന്നും അന്താരാഷ്ട്ര തലത്തിൽ വേണ്ടത്ര മാച്ച് പ്രാക്ടീസ് ഇല്ലാത്തതാണ് ഇതിന് കാരണമെന്നുമായിരുന്നു രണ്ടാം ഏകദിനത്തിന് ശേഷം ടെൻ ഡോഷേറ്റ് പറഞ്ഞിരുന്നത്.
ഈ പരാമർശത്തിനെതിരെയാണ് മനോജ് തിവാരി രംഗത്തെത്തിയത്. ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും രോഹിത് കരിയറിൽ നേടിയതിന്റെ അഞ്ച് ശതമാനം പോലും ഡോഷെറ്റ് നേടിയിട്ടില്ലെന്നാണ് തിവാരി പറഞ്ഞത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒരുമിച്ച് കളിച്ചിരുന്ന കാലം മുതൽ ടെൻ ഡോഷേറ്റിനെ തനിക്ക് അറിയാമെന്നും അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നും എങ്കിലും രോഹിത്തിനെപ്പോലെയൊരു ഇതിഹാസ താരത്തെക്കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തുന്നത് അദ്ദേഹം ഒഴിവാക്കേണ്ടതായിരുന്നുവെന്നും തിവാരി അഭിപ്രായപ്പെട്ടു.
Manoj Tiwary questions Ryan ten Doeschate’s remarks on Rohit Sharma! 👀 pic.twitter.com/n5Lv6PhMcX
'എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ്. റയാൻ ടെൻ ഡോഷേറ്റ് നാല് വർഷം കെകെആറിൽ എന്റെ കൂടെ ഉണ്ടായിരുന്നു. അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നതിൽ യാതൊരു സംശയമില്ല, പക്ഷേ അദ്ദേഹം നടത്തിയ പരാമർശം ഒന്നുകൂടി ആലോചിക്കേണ്ടതായിരുന്നു. അദ്ദേഹം നെതർലൻഡ്സിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പ്രകടനം പരിശോധിച്ചാൽ, ഒരു ബാറ്റർ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും രോഹിത് തന്റെ കരിയറിൽ നേടിയതിന്റെ 5 ശതമാനം പോലും വരില്ല', തിവാരി പറഞ്ഞു.
Content Highlights: IND vs NZ: Manoj Tiwary blasts India assistant coach Ten Doeschate for comments on Rohit Sharma