ഇന്ത്യ-ന്യൂസിലാന്ഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. പരമ്പരയിലെ വിജയികളെ തീരുമാനിക്കുന്ന നിര്ണായക പോരാട്ടം ഇന്ഡോറിലെ ഹോള്ക്കര് സ്റ്റേഡിയത്തില് ഉച്ചയ്ക്ക് 1:30ന് ആരംഭിക്കും. ഇരുടീമുകളും ഓരോ വിജയങ്ങളുമായി തുല്യത പാലിച്ചതിനാല് ഈ മത്സരം യഥാര്ത്ഥത്തിൽ ഫൈനലാണ്.
മത്സരത്തിൽ ഇന്ത്യയുടെ സൂപ്പർ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും വെടിക്കെട്ട് ഇന്നിങ്സിനാണ് ആരാധകർ കാത്തിരിക്കുന്നത്. കിവീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഒരു ചരിത്രനേട്ടം കുറിക്കാനുള്ള സുവർണാവസരമാണ് ഇന്ത്യയുടെ മുൻ നായകനായ രോഹിത് ശർമയെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില് ഏറ്റവും കൂടുതല് റണ്സ് നേടിയവരുടെ പട്ടികയില് ദക്ഷിണാഫ്രിക്കന് ഇതിഹാസം ജാക്വസ് കാലിസിനെ മറികടക്കാന് രോഹിത് ശര്മയ്ക്ക് 14 റണ്സ് മാത്രം നേടിയാൽ മതി.
ഏറ്റവും കൂടുതല് ഏകദിന റണ്സ് നേടിയ ബാറ്റര്മാരുടെ പട്ടികയില് എട്ടാം സ്ഥാനത്തുള്ള കാലിസിന് 328 മത്സരങ്ങളില് നിന്ന് 11579 റണ്സുണ്ട്. ഫോര്മാറ്റില് 17 സെഞ്ച്വറിയും 86 അര്ധ സെഞ്ച്വറിയും 273 വിക്കറ്റുകളും നേടിയിട്ടുണ്ട്. അതേസമയം 281 ഏകദിനങ്ങളില് നിന്ന് 11566 റണ്സാണ് രോഹിത്തിന്റെ സമ്പാദ്യം.
കിവീസിനെതിരെ കഴിഞ്ഞ രണ്ട് ഏകദിനങ്ങളില് 50 റണ്സാണ് രോഹിത് നേടിയത്. ആദ്യ ഏകദിനത്തില് രോഹിത് 26 റണ്സിനും തുടര്ന്ന് 24 റണ്സിനും പുറത്തായി.
Content Highlights: IND vs NZ: Rohit Sharma Only 14 Runs Away From Overtaking Legend Jacques Kallis In Elite List