മുംബൈ ഇന്ത്യന്‍സിനെ വീണ്ടും മുട്ടുകുത്തിച്ചു; തുടര്‍വിജയവുമായി യുപി വാരിയേഴ്‌സ്

മുംബൈയുടെ തുടർച്ചയായ രണ്ടാം പരാജയമാണിത്

മുംബൈ ഇന്ത്യന്‍സിനെ വീണ്ടും മുട്ടുകുത്തിച്ചു; തുടര്‍വിജയവുമായി യുപി വാരിയേഴ്‌സ്
dot image

വനിതാ പ്രീമിയര്‍ ലീഗില്‍ തുടർച്ചയായ രണ്ടാം വിജയവുമായി യുപി വാരിയേഴ്‌സ്. മുംബൈ ഇന്ത്യൻസിനെയാണ് വീണ്ടും യുപി വാരിയേഴ്‌സ് വീഴ്ത്തിയത്. 22 റൺസിനാണ് മുൻ ചാമ്പ്യന്മാരെ യുപി വാരിയേഴ്സ് മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മുംബൈയുടെ പോരാട്ടം 6 വിക്കറ്റിന് 165 റണ്‍സില്‍ അവസാനിപ്പിച്ചാണ് യുപി വാരിയേഴ്‌സ് വിജയം തുടര്‍ന്നത്. മുംബൈയുടെ തുടർച്ചയായ രണ്ടാം പരാജയമാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുപി ക്യാപ്റ്റന്‍ മെഗ് ലാന്നിങ്, ഫോബ് ലിച്ഫീല്‍ഡ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. മെഗ് ലാന്നിങ് 45 പന്തില്‍ 11 ഫോറും 2 സിക്സും സഹിതം 70 റണ്‍സെടുത്തു. ലിച്ഫീല്‍ഡ് 37 പന്തില്‍ 61 റണ്‍സും അടിച്ചെടുത്തു. താരം 7 ഫോറും 3 സിക്സും പറത്തി. ഹര്‍ലീന്‍ ഡിയോള്‍ 16 പന്തില്‍ 25 റണ്‍സെടുത്തു. ക്ലോ ട്രിയോണ്‍ 13 പന്തില്‍ 21 റണ്‍സും സ്വന്തമാക്കി.

മുംബൈയ്ക്ക് വേണ്ടി അമേലിയ കെര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നാറ്റ് സീവര്‍ ബ്രാന്‍ഡ് 2 വിക്കറ്റ് സ്വന്തമാക്കി. നിക്കോള കാരി, ഹെയ്ലി മാത്യൂസ്, അമന്‍ജോത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ ആറാം വിക്കറ്റില്‍ ഒന്നിച്ച അമേലിയ കെര്‍-അമന്‍ജോത് കൗര്‍ സഖ്യമാണ് തോല്‍വി ഭാരം കുറച്ചത്. അമേലിയ 49 റണ്‍സുമായി പുറത്താകാതെ നിന്നു. താരം 28 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതമാണ് 49ല്‍ എത്തിയത്. അമന്‍ജോത് 24 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 41 റണ്‍സെടുത്തും പൊരുതി.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 18 റണ്‍സെടുത്ത് മടങ്ങി. ഓപ്പണറായി സ്ഥാനം കയറ്റം കിട്ടിയ മലയാളി താരം സജന സജീവന് അവസരം മുതലെടുക്കാനായില്ല. ഒരു സിക്‌സും ഫോറും തൂക്കി മികച്ച രീതിയില്‍ തുടങ്ങിയ താരം 10 റണ്‍സുമായി മടങ്ങി. യുപിക്ക് വേണ്ടി ശിഖ പാണ്ഡെ 2 വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ് സോഫി എക്ലസ്റ്റോണ്‍, ദീപ്തി ശര്‍മ, ക്ലോ ട്രിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlights: WPL 2026, MI vs UPW: UP Warriorz beats Mumbai Indians for second win

dot image
To advertise here,contact us
dot image