ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ താരോദയം 14 കാരനായ വൈഭവ് സൂര്യവംശിയെ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മുൻ ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ ഡബ്ല്യു വി രാമൻ. അണ്ടർ 19 ലോകകപ്പ് ടീമിൽ വൈഭവ് കളിച്ചതിന് പിന്നാലെയാണ് മുൻ പരിശീലകന്റെ മുന്നറിയിപ്പ്.
വൈഭവിനെ ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും വലിയ പദ്ധതി മനസ്സിൽ വച്ചില്ലെങ്കിൽ യുവതാരത്തിന്റെ ദീർഘകാല കരിയറിന് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഐ പി എല്ലിൽ അരങ്ങേറിയ മുതൽ എല്ലാ അണ്ടർ 19 ടൂർണമെൻറിലും വൈഭവ് കളിക്കുന്നുണ്ട്. ഇത് കൂടാതെ പരമ്പരകളിലും കളിക്കേണ്ടി വരുന്നത് താരത്തിന്റെ ദീർഘകാല കരിയറിനെ ബാധിക്കുമെന്ന് വി രാമൻ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് സൂര്യവംശി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ശേഷം, ടൂർണമെന്റിന്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി താരം മാറി. തുടർന്ന് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ പര്യടനങ്ങളിലും സെഞ്ച്വറികളുമായി തിളങ്ങി.
റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പ് , അണ്ടർ 19 ഏഷ്യ കപ്പിലും ശ്രദ്ദേയമായ പ്രകടനം നടത്തി. ഇപ്പോൾ അണ്ടർ 19 ലോകകപ്പിലാണ് താരം കളിക്കുന്നത്. മൂന്ന് മാസം കൂടി കഴിയുന്നതോടെ താരത്തിന് 15 വയസ്സാകും. ശേഷം സീനിയർ ടീമിലും വൈഭവിന്റെ വെടിക്കെട്ട് കാണാനായേക്കും.
Content Highlights: Former Indian coach questions playing 14-year-old Vaibhav Suryavanshi in U19 World Cup