തർക്കം തീരില്ലേ?; ബംഗ്ലാദേശിലേക്ക് പോകാനൊരുങ്ങിയ ICC സംഘത്തിലെ ഇന്ത്യക്കാരന് വിസ നിഷേധിച്ചു

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം കൂടുതൽ സങ്കീർണമാകുന്നു.

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം കൂടുതൽ സങ്കീർണമാകുന്നു. പ്രശ്നപരിഹാരത്തിനായി ബംഗ്ലാദേശിലേക്ക് പോകാനൊരുങ്ങിയ ഐസിസി ഉദ്യോഗസ്ഥന്റെ വിസ നിഷേധിച്ചു. ഇന്ത്യക്കാരനായ ഉദ്യോഗസ്ഥന്റെ വിസ നിഷേധിച്ചതായാണ് പുറത്തുവരുന്ന വിവരം.

ടി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാട് തുടരുന്ന പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചർച്ചയ്‌ക്കൊരുങ്ങിയത്. ഇതിന്റെ ഭാഗമായാണ് രണ്ടംഗ സംഘത്തെ ബംഗ്ലാദേശിലേക്ക് അയക്കാൻ ഐസിസി തീരുമാനിച്ചത്. ബംഗ്ലാദേശിൽ നിന്ന് ബിസിബി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്തുകയുമാണ് ലക്ഷ്യമിട്ടത്. എന്നാൽ ഒരു ഉദ്യോഗസ്ഥന് മാത്രമാണ് വിസ അനുവദിച്ചത്.

ഐസിസിയിലെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി തലവനായ ആൻഡ്രൂ എഫ്‍ഗ്രേവാണ് ബംഗ്ലാദേശിലേക്ക് പോയത്. ജനുവരി 17-ന് ഇദ്ദേഹം തനിച്ച് ബംഗ്ലാദേശിലേക്ക് പോയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ഇന്ത്യക്കാരനായ മറ്റൊരു ഒഫീഷ്യലിന് സമയബന്ധിതമായി വിസ ലഭിച്ചില്ല. അതോടെ അദ്ദേഹം മടങ്ങി.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്.

ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു. ആദ്യം രാജ്യത്ത് ഐ പി എൽ സംപ്രേഷണം വിലക്കിയ സർക്കാർ പിന്നീട് ടി 20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്നും നിലപാടെടുത്തു.

Content Highlights:

To advertise here,contact us