ടി 20 യിലെ സെഞ്ച്വറി നേട്ടം; കോഹ്‌ലിയെ മറികടന്ന് വാർണർ; മുന്നിൽ ഗെയ്‌ലും ബാബറും

ടി 20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ഓസ്‌ട്രേലിയന്‍ ഇതിഹാസ ബാറ്റര്‍ ഡേവിഡ് വാര്‍ണർ

ടി 20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ഓസ്‌ട്രേലിയന്‍ ഇതിഹാസ ബാറ്റര്‍ ഡേവിഡ് വാര്‍ണർ. ടി20 കരിയറിലെ പത്താം സെഞ്ച്വറിയടിച്ച് റെക്കോര്‍ഡ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി വാര്‍ണര്‍.

നേട്ടത്തില്‍ വിരാട് കോഹ്‌ലിയെ പിന്തള്ളിയാണ് വാര്‍ണര്‍ എലീറ്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തിയത്.

ബിഗ് ബാഷ് ലീഗിലെ സിഡ്‌നി നാട്ടങ്കത്തില്‍ സിഡ്‌നി തണ്ടറിനായി കളത്തിലെത്തിയ വാര്‍ണര്‍ 65 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്നു. താരം 11 ഫോറും 4 സിക്‌സും പറത്തി. സിഡ്‌നി സിക്‌സേഴ്‌സിനെതിരായ പോരാട്ടത്തില്‍ വാര്‍ണറുടെ മികവില്‍ ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.

ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടകയില്‍ 9 സെഞ്ച്വറികളുമായി കോഹ്‌ലി, റെയ്‌ലി റൂസോ എന്നിവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു വാര്‍ണര്‍. ബിഗ് ബാഷിലെ സെഞ്ച്വറിയോടെ താരത്തിന്റെ നേട്ടം പത്തിലെത്തി. ഇതോടെ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

22 സെഞ്ച്വറികളുമായി വിന്‍ഡീസ് അതികായനും ഇതിഹാസവുമായ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമന്‍. 11 സെഞ്ച്വറികളുമായി പാക് താരം ബാബര്‍ അസം രണ്ടാമതും നില്‍ക്കുന്നു.

Content Highlights:David Warner breaks Virat Kohli's record with century in big bash league

To advertise here,contact us