

അണ്ടർ 19 ഏകദിന ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ആദ്യമത്സരത്തിൽ ഇന്ത്യ യുഎസ്എയെ നേരിടുമ്പോൾ എല്ലാ കണ്ണുകളും ഇന്ത്യയുടെ കൗമാരസൂപ്പർ താരം വൈഭവ് സൂര്യവംശിയിലേക്കാണ്. ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ്ങുമായി ഞെട്ടിക്കാറുള്ള 14കാരനായ വൈഭവ് ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
മത്സരത്തിൽ സുപ്രധാന നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരവും വൈഭവിനെ തേടിയെത്തിയിരിക്കുകയാണ്. അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടക്കാനുള്ള സുവർണാവസരമാണ് ലോകകപ്പിൽ വൈഭവിനെ കാത്തിരിക്കുന്നത്. യുഎസ്എയ്ക്കെതിരായ അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ ആറ് റൺസ് കൂടി നേടാൻ കഴിഞ്ഞാൽ, യൂത്ത് ഏകദിനങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്ലിയെ മറികടക്കാൻ വൈഭവിന് സാധിക്കും.
യൂത്ത് ഏകദിനങ്ങളിൽ 25 ഇന്നിംഗ്സുകളിൽ നിന്ന് (28 മത്സരങ്ങൾ) 46.57 ശരാശരിയിൽ 978 റൺസാണ് കോഹ്ലി നേടിയിട്ടുള്ളത്. അതേസമയം വൈഭവ് സൂര്യവംശി യൂത്ത് ഏകദിനങ്ങളിൽ 18 ഇന്നിംഗ്സുകളിൽ 54.05 ശരാശരിയിൽ ആകെ 973 റൺസ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും നാല് അർദ്ധസെഞ്ച്വറികളുമടക്കമാണ് വൈഭവിന്റെ സമ്പാദ്യം. ഇതോടെ ആറ് റൺസ് നേടിയാൽ റെക്കോർഡിൽ വിരാടിനെ മറികടക്കാൻ വൈഭവിന് കഴിയും.
അതേസമയം യൂത്ത് ഏകദിന ക്രിക്കറ്റിൽ 1,000 റൺസ് തികയ്ക്കാൻ വൈഭവ് സൂര്യവംശിക്ക് ഇനി 27 റൺസ് കൂടി നേടിയാൽ മതി. ശുഭ്മൻ ഗിൽ, ഉന്മുക്ത് ചന്ദ് എന്നിവർ യഥാക്രമം 13, 17 ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ചതിന് ശേഷം ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമായി വൈഭവ് മാറും. ഇതോടെ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ 1000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യൻ കളിക്കാരനായി വൈഭവ് മാറും.
യൂത്ത് ഏകദിനങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയവർ
Content Highlights: ICC Under 19 World Cup 2026: Vaibhav Suryavanshi on Verge to overtake Virat Kohli in stellar Record