ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ന്യൂസിലാൻഡ് പരമ്പരയിൽ തിരിച്ചെത്തിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റൺസിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു.
ഡാരിൽ മിച്ചലിൻറെ അപാരാജിത സെഞ്ച്വറിയുടെയും വിൽ യങിൻറെ അർധസെഞ്ചുറിയുടെയും കരുത്തിലായിരുന്നു കിവികൾ ജയിച്ചു കയറിയത്. ഇതോടെ പരമ്പര 1 -1 സമനിലയിലായി. ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റ് ജയം നേടിയിരുന്നു.
മത്സരത്തിന് ശേഷം ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ വിമർശിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ക്രിസ് ശ്രീകാന്ത്. ജഡേജക്ക് എന്താണ് ചെയ്യുന്നതെന്ന് ബോധ്യമില്ലെന്നമും അക്സറിനെ തിരിച്ചുകൊണ്ടുവരണമെന്നുമാണ് ശ്രീകാന്ത് പറയുന്നത്.
'ജഡേജ എന്റെ പ്രിയപ്പെട്ടവരിൽ ഒരാളാണ്. പക്ഷേ എന്തുചെയ്യണമെന്ന് അദ്ദേഹത്തിനും അറിയില്ല. അറ്റാക്ക് ചെയ്യണോ വേണ്ടയോ എന്ന് അദ്ദേഹത്തിന് അറിയില്ല. അക്സറിനെ തിരികെ കൊണ്ടുവരാനുള്ള സമയമായി എന്നുള്ളത് പരസ്യമായ രഹസ്യമാണ്. മൂന്ന് സ്പിന്നർമാരെയും മൂന്ന് പേസർമാരെയും എന്തുകൊണ്ട് കളിപ്പിച്ചുകൂടാ? ബൗളിങ് ഓൾറൗണ്ടർ മീഡിയം പേസർ മാത്രമായിരിക്കണമെന്ന് നിയമമുണ്ടോ? ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനെ കണ്ടെത്തുക അസാധ്യമാണ്. നിങ്ങൾക്ക് കഴിയില്ല. ഈ മത്സരത്തിൽ അക്സർ അനുയോജ്യനാകുമായിരുന്നു. ആറാമത്തെ ബൗളറെ ഇന്ത്യ മിസ് ചെയ്തിരുന്നു,' ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലായ ' ചീക്കി ചീക്ക'യിൽ പറഞ്ഞു .
അക്സറിന് ഐസിസി ടൂർണമെന്റുകളിൽ മികച്ച റെക്കോർഡുകളുണ്ടെന്നും ടി-20 ലോകകപ്പ് നേടിതന്നതിൽ പ്രധാനിയാണ് അദ്ദേഹമെന്നും ശ്രീകാന്ത് പറഞ്ഞു. എന്നാൽ ഇപ്പോൾ അദ്ദേഹമെവിടെ എന്നും അദ്ദേഹം ചോദ്യം ചെയ്യുന്നു.
Content Highlights- Kris Srikanth questions Ravindra Jadeja's place in Indian Team