ഈ ഒരു കാരണം കൊണ്ട് വിരാട് രോഹിത്തിനേക്കാൾ ഏറെ മുന്നിലാണ്; താരതമ്യം ചെയ്ത് മുൻ താരം

ഇവരിൽ ആരാണ് മികച്ചതെന്ന ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് പതിവാണ്

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും. രണ്ട് പേരും ഇന്ത്യൻ ആരാധകർക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. എന്നാൽ ഇവരിൽ ആരാണ് മികച്ചതെന്ന ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് പതിവാണ്. എന്നാൽ ഏകദിനത്തിൽ രോഹിത്തിനേക്കാൾ മികച്ചത് വിരാട് കോഹ്ലിയാണ് എന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്.

തനിക്ക് ലഭിക്കുന്ന തുടക്കം മികച്ച രീതിയിൽ ഉപയോഗിക്കാൻ വിരാടിന് സാധിക്കാറുണ്ടെന്നും അതിനാലാണ് വിരാട് ഏകദിനത്തിൽ രോഹിത് ശർമയേക്കാൾ മികച്ച താരമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു കൈഫ്.

'ഏകദിനങ്ങളിൽ വിരാട് കോഹ്ലിയുടെ പേര് ഇത്ര വലുതാകാൻ കാരണം എന്താണ്? കാരണം അദ്ദേഹം 30-40 റൺസിൽ തൃപ്തിപ്പെടാറില്ല. വിരാട് കോഹ്ലിയും രോഹിത് ശർമയും തമ്മിലുള്ള വ്യത്യാസം അതാണ്, അവരുടെ മുഴുവൻ കരിയറും നോക്കിയാൽ. വിരാട് കോഹ്ലി തുടക്കങ്ങൾ മികച്ചതാക്കി മാറ്റുന്നു. 30 അല്ലെങ്കിൽ 40 റൺസ് നേടി കഴിഞ്ഞാലും അദ്ദേഹം അവസാനം വരെ ക്രീസിൽ തുടരുകയും മത്സരം വിജയിപ്പിക്കുകയും ചെയ്യും, അദ്ദേഹം ഫോമിലേക്ക് എത്തിയാൽ സ്ഥിരത കൈവരിക്കും,' കൈഫ് പറഞ്ഞു.

'അതുകൊണ്ടാണ് ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്ലി എപ്പോഴും രോഹിത് ശർമയേക്കാൾ മുന്നിലാകുന്നത്. അദ്ദേഹം സ്ഥിരതയാർന്ന ബാറ്റിങ് കാഴ്ചവെക്കുകയും റൺസ് നേടുകയും പതിവായി വലിയ ഇന്നിങ്‌സുകൾ കളിക്കുകയും ചെയ്യുന്നു. രോഹിത് ശർമ ഇപ്പോൾ അതേ പാതയിലേക്ക് നീങ്ങാൻ ആഗ്രഹിക്കുന്നു, കാരണം അദ്ദേഹത്തിന് ഒരുപക്ഷേ രണ്ടോ മൂന്നോ വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ. 30കളിലോ 40കളിലോ അദ്ദേഹം ഇനി തൃപ്തനാകില്ല. ആദ്യ ഏകദിനത്തിൽ പുറത്തായപ്പോൾ നിരാശനായി മടങ്ങുന്ന രോഹിത്തിനെ നിങ്ങൾക്ക് കാണാൻ കഴിയും; തെറ്റായ ഷോട്ട് ആണ് കളിച്ചതെന്ന് അദ്ദേഹത്തിന് വ്യക്തമാകുന്നുണ്ട്,' കൈഫ് കൂട്ടിച്ചേർത്തു.

ന്യൂസിലാൻഡിനെതെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യ ജയം കൈവരിച്ചപ്പോൾ 93 റൺസുമായി വിരാടായിരുന്നു കളിയിലെ താരമായത്. രോഹിത് 26 റൺസ് നേടി പുറത്തായി.

Content Highlights- Muhammed Kaif explains why Virat is better ODI batter than Rohit Sharma

To advertise here,contact us