ഫെബ്രുവരി ഏഴ് മുതല് മാര്ച്ച് എട്ട് വരെ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് പാകിസ്താന്റെ മുന് ഇതിഹാസ ഫാസ്റ്റ് ബൗളറും ക്യാപ്റ്റനുമായിരുന്ന വസീം അക്രം. തന്റെ സ്വന്തം ടീമായ പാകിസ്താനെ തഴഞ്ഞ അദ്ദേഹം മറ്റു നാലു ടീമുകളെയാണ് സെമി ഫൈനലിസ്റ്റുകളായി തിരഞ്ഞെടുത്തത്.
പാക് ടീം മാത്രമല്ല, മറ്റൊരു മുന് ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെയും അക്രം സെമി ലിസ്റ്റില് നിന്നൊഴിവാക്കി. ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് അടുത്ത ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്.
ടി20 ലോകകപ്പിന്റെ സെമി ഫൈനലിലെ ആദ്യത്തെ ടീമായി വസീം അക്രം തിരഞ്ഞെടുത്തത് നിലവിലെ ജേതാക്കളും ആതിഥേയരുമായ ഇന്ത്യയെയാണ്. നാട്ടിലെ അനുകൂല സാഹചര്യങ്ങള് ഇന്ത്യയെ ഫേവറിറ്റുകളാക്കി മീറ്റുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
സെമി ഫൈനലിസ്റ്റായി അദ്ദേഹം ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ ടീം മുന് ജേതാക്തളായ ഓസ്ട്രേലിയയാണ്. ഐസിസി ടൂര്ണമെന്റുകളില് ഓസീസ് ടീം പുലര്ത്തുന്ന സ്ഥിരതയെപ്പറ്റി അക്രം പ്രത്യേകം ചൂണ്ടിക്കാട്ടി. സമ്മര്ദ്ദ ഘട്ടങ്ങളില് പെര്ഫോം ചെയ്യാനുള്ള മിടുക്ക് നോക്കൗട്ട് ടൂര്ണമെന്റുകളില് ഓസ്ട്രേലിയയെ അപകടകാരികളാക്കുന്നു.
കഴിഞ്ഞ എഡിഷനിലെ റണ്ണറപ്പായ സൗത്താഫ്രിക്കയാണ് സെമി ഫൈനലിസ്റ്റുകളായി അദ്ദേഹം തിരഞ്ഞെടുത്ത മൂന്നാമത്തെ ടീം. വളരെ സന്തുലിതമായ സ്ക്വാഡാണ് സൗത്താഫ്രിക്കയുടേത്. അനുഭവസമ്പത്തുള്ള താരങ്ങള്ക്കൊപ്പം യുവനിരയും സമന്വയിച്ചതാണ് അവരുടെ ടീം. സ്ഥിരത പുലര്ത്തുന്നതിനൊപ്പം സമ്മര്ദ്ദഘട്ടങ്ങളെ നന്നായി കൈകാര്യം ചെയ്യാനുമായാല് സൗത്താഫ്രിക്കയ്ക്കു ഏറെ ദൂരം മുന്നേറാന് കഴിയുമെന്നും അക്രം വിലയിരുത്തി.
സെമിയിലെ നാലാമത്തെയും അവസാനത്തെയും ടീമായി ന്യൂസിലാന്ഡിനെയും മുന് പാക് ഇതിഹാസം തിരഞ്ഞെടുത്തു. നിശബ്ധരായി പെര്ഫോം ചെയ്യുന്നവരെന്നായിരുന്നു കിവികളെ അദ്ദേഹം വിശേഷിപ്പിച്ചത്.
റോളുകളുടെ കാര്യത്തില് വളരെ വ്യക്തതയുള്ളവരാണ് ന്യൂസിലാന്ഡ് ടീം. കൂടാതെ മൂര്ച്ചയേറിയ ഫീല്ഡിങും ഏതു സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവും അവര്ക്കുണ്ട്. ഈ കഴിവുകളെല്ലാം ന്യൂസിലാന്ഡിനെ സെമി ഫൈനലിലെ ഫേവറിറ്റുകളാക്കി മാറ്റുന്നതായും അക്രം കൂട്ടിച്ചേര്ത്തു.
Content Highlights-wasim akram predict four team in t20 worldcup semi final 2026