മഴ ചതിച്ചു; അണ്ടര്‍ 19 ലോകകപ്പ് സന്നാഹത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി

നേരത്തെ 82 റൺസ് നേടിയ അഭിഗ്യാന്‍ കുണ്ഡുവായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ.

അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റണ്‍സിന്‍റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 34.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി. തുടര്‍ന്ന് മത്സരം സാധ്യമാകാതിരുന്നതോടെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ 20 റണ്‍സിന് വിജയികളായി പ്രഖ്യാപിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 296 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് വേണ്ടി ജോസഫ് മൂര്‍സ് (46 ), ബെന്‍ മയെസ്(34 ), തോമസ് റ്യൂവ്(66 പന്തില്‍ 71*) എന്നിവർ തിളങ്ങി. മഴമൂലം കളി നിര്‍ത്തുമ്പോള്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആവശ്യമായ സ്കോറിനെക്കാള്‍ 20 റണ്‍സ് മുമ്പിലായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യക്കായി ഖിലന്‍ പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ 82 റൺസ് നേടിയ അഭിഗ്യാന്‍ കുണ്ഡുവായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ആയുഷ് മാത്രെ 49 റൺസും ആര്‍ എസ് അംബ്രീഷ് 48 റൺസും കനിഷ്‌ക് ചൗഹാൻ 45 റൺസും നേടി.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മിന്നും ഫോമിലുള്ള കൗമാരതാരം വൈഭവ് സൂര്യവന്‍ഷി നാലു പന്തില്‍ ഒരു റണ്ണെടുത്ത് പുറത്തായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച ഫോമിലായിരുന്ന വൈഭവിന്‍റെ തുടക്കത്തിലെ മടക്കം ഇന്ത്യയെ ഞെട്ടിച്ചു. ലോകകപ്പ് സന്നാഹത്തില്‍ കഴിഞ്ഞ മത്സരത്തില്‍ 50 പന്തില്‍ 96 റണ്‍സടിച്ച് തിളങ്ങിയ വൈഭവിന് പക്ഷെ ഇംഗ്ലണ്ടിനെതിരെ ആ മികവ് ആവര്‍ത്തിക്കാനായില്ല.

ഇംഗ്ലണ്ടിനായി ജെയിംസ് മിന്‍റോ അഞ്ചുവിക്കറ്റ് നേടി. സെബാസ്റ്റ്യൻ മോര്‍ഗൻ രണ്ട് വിക്കറ്റും നേടി. ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം സ്കോട്‌ലന്‍ഡിനെതിരെ ആയിരുന്നു. ഇന്ത്യൻ ബാറ്റിംഗിനുശേഷം മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 121 റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചത്.

Content Highlights: INDIA UNDER 19 lost to england under 19, worldcup friendly

To advertise here,contact us