അണ്ടര് 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് നേടി. 82 റൺസ് നേടിയ അഭിഗ്യാന് കുണ്ഡുവാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ആയുഷ് മാത്രെ 49 റൺസും ആര് എസ് അംബ്രീഷ് 48 റൺസും കനിഷ്ക് ചൗഹാൻ 45 റൺസും നേടി.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില് തന്നെ തിരിച്ചടിയേറ്റു. മിന്നും ഫോമിലുള്ള കൗമാരതാരം വൈഭവ് സൂര്യവന്ഷി നാലു പന്തില് ഒരു റണ്ണെടുത്ത് പുറത്തായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച ഫോമിലായിരുന്ന വൈഭവിന്റെ തുടക്കത്തിലെ മടക്കം ഇന്ത്യയെ ഞെട്ടിച്ചു. ലോകകപ്പ് സന്നാഹത്തില് കഴിഞ്ഞ മത്സരത്തില് 50 പന്തില് 96 റണ്സടിച്ച് തിളങ്ങിയ വൈഭവിന് പക്ഷെ ഇംഗ്ലണ്ടിനെതിരെ ആ മികവ് ആവര്ത്തിക്കാനായില്ല.
ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ അഞ്ചുവിക്കറ്റ് നേടി. സെബാസ്റ്റ്യൻ മോര്ഗൻ രണ്ട് വിക്കറ്റും നേടി. ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം സ്കോട്ലന്ഡിനെതിരെ ആയിരുന്നു. ഇന്ത്യൻ ബാറ്റിംഗിനുശേഷം മഴ തടസ്സപ്പെടുത്തിയ കളിയില് ഡക്വര്ത്ത് ലൂയിസ് നിയമപ്രകാരം 121 റണ്സിനായിരുന്നു ഇന്ത്യ ജയിച്ചത്.
Content Highlights: IND Under-19 vs England U19, india good total, ayush mhatre, rs ambrish, abhigyan kundu innings