ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. മൂന്ന് മത്സരത്തിനുള്ള ഏകദിന ടീമിൽ ഓൾറൗണ്ടർ നിതീഷ്കുമാർ റെഡ്ഡിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഋതുരാജ് ഗെയ്ക്വാദിനെ ഉൾപ്പെടുത്താതെ റെഡ്ഡിയെ 15 അംഗ സ്ക്വാഡിൽ ഉൾപ്പെടുന്നതിൽ ക്രിക്കറ്റ് വൃത്തങ്ങളിൽ വിമർശനം ഉയർന്നിരുന്നു.
എന്നാൽ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. നിതീഷ് റെഡ്ഡിയെ പോലുള്ള കളിക്കാർ അപൂർവമാണെന്നും ആവശ്യമായ ബാക്കപ്പ് നൽകണമെന്നും പത്താൻ പറഞ്ഞു.
'അവനെപ്പോലെ 130 കിലോ മീറ്റർ വേഗത്തിൽ പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിയുന്ന അധികം ഓൾ റൗണ്ടർമാരൊന്നും നമ്മുടെ രാജ്യത്തില്ല. കരിയറിൻറെ തുടക്കത്തിൽ രണ്ടോ മൂന്നോ വർഷം അവന് തുടർച്ചയായി അവസരങ്ങൾ നൽകിയതുകൊണ്ടാണ് ഹാർദിക്ക് പാണ്ഡ്യ ഇന്ന് കാണുന്ന പാണ്ഡ്യയായത്.. അതുകൊണ്ട് തന്നെ സെലക്ടർമാരും ആരാധകരും പാണ്ഡ്യയുടെ കാര്യത്തിലെന്നപോലെ നിതീഷിൻറെ കാര്യത്തിലും കുറച്ചുകൂടി ക്ഷമ കാണിക്കണം.
നമ്മൾ ക്ഷമ കാണിച്ചില്ലെങ്കിൽ അവൻറെ യഥാർത്ഥ പ്രതിഭ പുറത്തെടുക്കാനുള്ള അവസരമായിരിക്കും നഷ്ടമാകുന്നത്. ലഭിച്ച അവസരങ്ങളിലൊന്നും അവൻ ഇതുവരെ അത്ര മികച്ച പ്രകടനമൊന്നും പുറത്തെടുത്തിട്ടില്ലായിരിക്കാം. മെൽബണിൽ നേടിയ ടെസ്റ്റ് സെഞ്ച്വറി മാത്രമാണ് അവൻ ഇതുവരെ കളിച്ച മികച്ച ഇന്നിങ്സ്. എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ കിട്ടിയ അവസരങ്ങളിലൊന്നും അവന് മികവ് കാട്ടാനായിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്.
പക്ഷെ നിതീഷിന്റെ മികവുള്ള അധികം കളിക്കാരൊന്നും നമുക്ക് ഇല്ലാത്തതിനാൽ അവന്റെ കാര്യത്തിൽ കുറച്ചുകൂടി ക്ഷമ കാണിക്കാൻ നമ്മളെല്ലാവരും തയാറാവണം,' പത്താൻ യുട്യൂബ് ചാനലിൽ പറഞ്ഞു.
Content Highlights- Irfan Pathan Supports Nitish Kumar Reddy in ODI team