അവസാന പന്തിൽ വിജയബൗണ്ടറിയുമായി നദീൻ; ആവേശപ്പോരിൽ‌ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ആർസിബി

ഇന്നിങ്‌സിലെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച് നദീന്‍ ഡി ക്ലെര്‍ക്കാണ് ചലഞ്ചേഴ്‌സിന്റെ വിജയറണ്‍ കുറിച്ചത്

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയത്തുടക്കം. ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയാണ് സ്മൃതി മന്ദാനയും സംഘവും വരവറിയിച്ചത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച് നദീന്‍ ഡി ക്ലെര്‍ക്കാണ് ചലഞ്ചേഴ്‌സിന്റെ വിജയറണ്‍ കുറിച്ചത്.

അവസാന ഓവറിൽ 18 റൺസായിരുന്നു ആർസിബിക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. മുംബൈയുടെ വിശ്വസ്ത താരം നാറ്റ് സ്കീവർ ബ്രണ്ട് എറിഞ്ഞ ഓവറിൽ‌ രണ്ട് കൂറ്റൻ സിക്സറുകളും ഒരു ബൗണ്ടറിയും അടിച്ചുകൂട്ടിയ നദീൻ മത്സരം ആർസിബിയുടെ കൈകളിലാക്കി. അവസാന പന്തിൽ രണ്ട് റൺസായിരുന്നു വിജയിക്കാൻ ആവശ്യം. സമ്മർദ്ദമേറിയ നിമിഷത്തിലും തകർപ്പൻ ബൗണ്ടറി നേടിയാണ് നദീൻ ഡി ക്ലർക്ക് ആർസിബിക്ക് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്. നേരത്തെ ബോളിങ്ങിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ‌ താരം ബാറ്റിംഗിലും മിന്നും പ്രകടനം നടത്തിയ ആർസിബിയുടെ വിജയശില്‍പ്പിയായി മാറുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. മലയാളി താരം സജന സജീവന്റെ ഇന്നിങ്‌സാണ് മുംബൈയ്ക്ക് കരുത്തായത്. മലയാളി താരം സജന സജീവന്റെ ഇന്നിങ്‌സാണ് മുംബൈയ്ക്ക് കരുത്തായത്. 25 പന്തില്‍ ഒരു സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 45 റണ്‍സ് നേടിയ സജനയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. നിക്കോള ക്യാരിക്കൊപ്പം നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്താനും സജനയ്ക്ക് സാധിച്ചു. 29 പന്തില്‍ നാല് ബൗണ്ടറിയടക്കം 40 റണ്‍സ് നേടിയാണ് നിക്കോള പുറത്തായത്. മുംബൈയ്ക്ക് വേണ്ടി നദീന്‍ ക്ലെര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

എന്നാൽ മറുപടി ബാറ്റിങ്ങിൽ‌ ഗ്രേസ് ഹാരിസും (25) സ്മൃതി മന്ദാനയും (18) ചേർന്ന് ആർസിബിക്ക് മികച്ച തുടക്കം നൽകിയെങ്കിലും മധ്യ ഓവറുകളിൽ മുംബൈ ബോളർമാർ കളി വരുതിയിലാക്കി. എന്നാൽ വാലറ്റത്തെ കൂട്ടുപിടിച്ച് ഒറ്റയാൾ പോരാട്ടത്തിലൂടെ ഡി ക്ലർക്ക് അവിശ്വസനീയമായ ജയം പിടിച്ചെടുക്കുകയായിരുന്നു. 44 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്ത നദീനാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.

Content Highlights: WPL 2026, MI vs RCB: Nadine de Klerk turns the tables on Mumbai, hands RCB victory

To advertise here,contact us