സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ തിരിച്ചുവരവോടെ ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി കൂടുതൽ ആരാധക ശ്രദ്ധ നേടിയിരുന്നു. ഇതോടപ്പം തന്നെ മത്സരങ്ങളിലെ ആവേശവും ടൂർണമെന്റിനെ കൂടുതൽ സജീവമാക്കി. കഴിഞ്ഞ ദിവസം നടന്നമഹാരാഷ്ട്രയും ഗോവയും തമ്മിലുള്ള മത്സരവും ഇത്തരത്തിലുള്ളതായിരുന്നു.
ക്രിക്കറ്റ് ലോകത്തെ മുഴുവൻ അമ്പരപ്പിച്ച ഒരു സ്പെല്ലാണ് രാമകൃഷ്ണ ഘോഷ് മഹാരാഷ്ട്രയ്ക്കായി എറിഞ്ഞത്. ഗോവയ്ക്കെതിരെ അവസാന ഓവർ എറിയാൻ മഹാരാഷ്ട്ര ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് ഏൽപ്പിച്ചത് രാമകൃഷ്ണ ഘോഷിനെ ആയിരുന്നു.
മഹാരാഷ്ട്രയുടെ 250 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഗോവയ്ക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് ആറ് റൺസ് മാത്രമായിരുന്നു. അർധ സെഞ്ച്വറി നേടിയ ലളിത് യാദവും വി കൗശിക്കുമായിരുന്നു ക്രീസിൽ. എന്നാൽ രാമകൃഷ്ണ ഘോഷ് ആ ഓവർ മുഴുവനും ഡോട്ട് ബോളാക്കി മെയ്ഡൻ ഓവർ എറിഞ്ഞു. ഇതോടെ മഹാരാഷ്ട്ര 5 റൺസിന്റെ അവിശ്വസനീയ വിജയവും സ്വന്തമാക്കി.
ഇത് മാത്രമല്ല, കളിയുടെ അവസാന മൂന്നോവറിൽ ഗോവയ്ക്ക് വേണ്ടിയിരുന്നത് 11 റൺസായിരുന്നു. ആ സമയത്ത് 48-ാം ഓവർ എറിഞ്ഞ രാമകൃഷ്ണ ആ ഓവറും മെയ്ഡനാക്കി.
മത്സരത്തിൽ മഹാരാഷ്ട്രയ്ക്കായി 10 ഓവർ എറിഞ്ഞ 35 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഇതിൽ ഈ രണ്ട് മെയ്ഡൻ ഓവറുകളും ഉൾപ്പെടുന്നു. ചെന്നൈ സൂപ്പർ കിങ്സ് 2025 ൽ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ രാമകൃഷ്ണനെ ഈ സീസണിലും നിലനിർത്തിയിരുന്നു. ഐ പി എല്ലിൽ താരത്തിന്റെ പ്രകടനം എങ്ങനെയാകുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ.
Content Highlights: ramakrishna ghosh maiden last overs in vijay hazare trophy