ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യത മങ്ങി. കഴിഞ്ഞ തവണയും നേരിയ വ്യത്യാസത്തിൽ ഫൈനൽ നഷ്ടമായ ഇന്ത്യക്ക് ഇത്തവണയും ഫൈനലിലെത്താനുള്ള സാധ്യത വളരെ കുറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇതുവരെ 9 ടെസ്റ്റുകൾ കളിച്ച ഇന്ത്യ നിലവിൽ പോയൻറ് പട്ടികയിൽ ആറാം സ്ഥാനത്താണ്.
9 ടെസ്റ്റിൽ നാലു വീതം ജയവും തോൽവിയും ഒരു സമനിലയമാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ജയവും നാട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ട് ജയവും മാത്രണ് 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യ നേടിയത്. ആഷസ് സ് കഴിഞ്ഞതിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യത വെറും നാല് ശതമാനമാണ്.
ന്യൂസിലൻഡിനും ശ്രീലങ്കക്കുമെതിരെ നാല് എവേ ടെസ്റ്റുകളും ഓസ്ട്രേലിയക്കെതിരെ നാട്ടിൽ 5 ടെസ്റ്റുകളടങ്ങിയ പരമ്പരയുമാണ് ഇന്ത്യക്ക് ഇനി കളിക്കാനുള്ളത്. ഓഗസ്റ്റിലാണ് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര. ഒക്ടോബറിൽ ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ കളിക്കും. അടുത്ത വർഷം ജനുവരയിലാണ് ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പര.
ആഷസ് പരമ്പര കഴിഞ്ഞതോടെ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻറെ ഫൈനലിലെത്താൻ ഓസ്ട്രേലിയയുടെ സാധ്യതകൾ 91 ശതമാനമായി വർധിച്ചു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇനി ആറ് ഹോം ടെസ്റ്റുകളടക്കം 14 ടെസ്റ്റുകളാണ് ഓസ്ട്രേലിയക്ക് കളിക്കാനുള്ളത്. ഇതിൽ ഏഴെണ്ണമെങ്കിലും ജയിച്ചാൽ ഓസീസിന് വീണ്ടും ഫൈനലിലെത്താം. ഇന്ത്യയെ ഇന്ത്യയിൽ തറപറ്റിച്ച നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കയാണ് ഫൈനലിലെത്താൻ സാധ്യതയുള്ള രണ്ടാമത്തെ ടീം. എട്ട് ഹോം ടെസ്റ്റുകൾ അടക്കം 10 ടെസ്റ്റുകൾ കളിക്കാനുള്ള ദക്ഷിണാഫ്രിക്കക്ക് ഫൈനലിലെത്താൻ 71 ശതമാനം സാധ്യതയാണുള്ളത്.
Content Highlights- India's chances to play wtc is finals is now only 4 percent