ഇന്ത്യൻ ക്രിക്കറ്റിൽ അടുത്ത കാലത്തായി വനത്തിൽ ഏറ്റവും പ്രതിഭാശാലിയായ ബാറ്റർമാരിൽ ഒരാളാണ് യശസ്വി ജയ്സ്വാൾ. കുറഞ്ഞ സമയം കൊണ്ട് തന്നെ ടെസ്്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രധാന ബാറ്റർമാരിൽ ഒരാളായി ഈ ഇടംകയ്യൻ ഓപ്പണർ. പ്രതിഭാശാലിയായിട്ടും മൂന്ന് ഫോർമാറ്റിലും സ്ഥിരമാകാൻ ജയ്സ്വാളിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ താരത്തിന് മൂന്ന് ഫോർമാറ്റിലും സ്ഥിരം സാന്നിധ്യമാകാൻ ഉപദേശം നൽകുകയാണ് ഇന്ത്യൻ മുൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.
2026 ലെ ഐപിഎല്ലിൽ ജയ്സ്വാളിനോട് 700 ൽ കൂടുതൽ റൺസ് നേടണമെന്ന് ചോപ്ര ആവശ്യപ്പെട്ടു. ഐപിഎല്ലിലെ പ്രകടനങ്ങൾ എല്ലാ ഫോർമാറ്റിലും ഇട നേടാൻ ജയ്സ്വാളിനെ സഹായിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'യശസ്വി, എനിക്ക് നിങ്ങളോട് ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങൾക്ക് 700 റൺസ് നേടുന്ന ഐപിഎൽ സീസൺ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ വർഷവും, നിങ്ങൾക്ക് അങ്ങനെയായിരിക്കുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ 400-450 റൺസ് നേടാറുണ്ട്, എന്നാൽ അത് പോരാ, നിങ്ങളുടെ സ്റ്റാൻഡേർഡ് അതല്ല, അതിൽ കൂടുതൽ അടിക്കേണ്ടതുണ്ട്.
എനിക്ക് നിങ്ങളുടെ 700 റൺസ് സീസൺ വേണം, അപ്പോൾ നിങ്ങൾ എല്ലാ ഫോർമാറ്റിന്റെയും വാതിൽ തകർത്ത് അകത്തു കയറും. അതാണ് ഞാൻ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതാണ് ഞാൻ ജയ്സ്വാളിന് വേണ്ടി ആഗ്രഹിക്കുന്നത്. അങ്ങനെ അവന് എല്ലാ ഫോർമാറ്റിലും നിറസാന്നിധ്യമാകാൻ സാധിക്കട്ടെ,' ചോപ്ര പറഞ്ഞു.
ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ താരം അംഗമാണെങ്കിലും ടി-20 ടീമിൽ അദ്ദേഹത്തിന് ഇടമില്ല.
Content Highlights- Akash Chopra advices Yashasvi Jaiswal to become all format player