'സഞ്ജുവിനെ ഒരിക്കലും ആ പൊസിഷനിൽ നിന്ന് മാറ്റരുത്'; ടി 20 ലോകകപ്പിനുള്ള ബാറ്റിങ്ങ് ഓർഡർ നിർദേശിച്ച് രഹാനെ

ടി20 ലോകകപ്പിലെ ബാറ്റിങ് ഓർഡർ എങ്ങനെയായിരിക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ് അജിൻക്യ രഹാനെ

വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് വീഴാൻ ഒരുങ്ങുകയാണ് ഇന്ത്യ. ജനുവരി 11 മുതൽ ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയാണ് ആദ്യ വിരുന്നാവുക. ശേഷം കിവികൾക്കെതിരെ തന്നെ ടി 20 പരമ്പര നടക്കും. അതുകഴിഞ്ഞാൽ ടി 20 ലോകകപ്പ്.

നിലവിലെ ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് ചാമ്പ്യന്മാരെന്ന നിലയിലും ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കം ടി 20 ലോകകപ്പിനുണ്ട്.എന്നാൽ തിലക് വർമയുടെ പരിക്ക് ഇപ്പോൾ ഇന്ത്യക്ക് ചെറിയ തലവേദനയായിട്ടുണ്ട്. ഈ വെല്ലുവിളിയേയും മറികടന്ന് മുന്നോട്ട് പോകാൻ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ കരുതാം.

ഇപ്പോഴിതാ ഇന്ത്യയുടെ ടി20 ലോകകപ്പിലെ ബാറ്റിങ് ഓഡർ എങ്ങനെയായിരിക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ടെസ്റ്റ് നായകനും സൂപ്പർ താരവുമായിരുന്ന അജിൻക്യ രഹാനെ.

ഓപ്പണിങ്ങിൽ സഞ്ജു സാംസണും അഭിഷേക് ശർമയും തുടരണമെന്നാണ് രഹാനെ പറയുന്നത്. ഇഷാൻ കിഷൻ ടീമിലേക്കെത്തിയതോടെ ഓപ്പണർ റോളിലേക്കെത്താനുള്ള സാധ്യതകളടക്കം ചർച്ചയാകുന്നുണ്ട്.

എന്നാൽ സഞ്ജു, അഭിഷേക് കൂട്ടുകെട്ട് തുടരുന്നതാണ് നല്ലതെന്നാണ് രഹാനെ നിർദേശിക്കുന്നത്. സഞ്ജു സാംസൺ സമീപകാലത്തായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ്. ഒരിക്കലും സഞ്ജുവിനെ ആ പൊസിഷനിൽ നിന്ന് മാറ്റരുതെന്നും രഹാനെ പറയുന്നു.

മൂന്നാം നമ്പറിൽ സൂര്യകുമാർ തുടരണമെന്നാണ് രഹാനെ പറയുന്നത്. നിലവിൽ മൂന്നാം നമ്പറിലും നാലാം നമ്പറിലും മാറി മാറി ബാറ്റ് ചെയ്ത സൂര്യകുമാറിന് ഇപ്പോൾ പഴയ മികവ് അവകാശപ്പെടാനാവുന്നില്ല. ടി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ആശങ്കകളിലൊന്ന് സൂര്യകുമാർ യാദവിന്റെ മോശം ഫോമാണ്. ടി20 ലോകകപ്പിൽ സൂര്യ ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യക്ക് തിരിച്ചടി നേരിട്ടേക്കും.

നാലാം നമ്പറിൽ തിലക് വർമ കളിക്കണമെന്നാണ് രഹാനെ പറയുന്നത്. മധ്യനിരയിൽ നിർണ്ണായക റോളാണ് തിലകിനുള്ളതെന്നും രഹാനെ ഓർമ്മിപ്പിക്കുന്നു. ഇപ്പോൾ പരിക്കേറ്റ് പുറത്താണെങ്കിലും ടി20 ലോകകപ്പിന്റെ സമയത്ത് തിരിച്ചെത്താൻ തിലക് വർമക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുള്ളത്. അഞ്ചാം നമ്പറിൽ ഹാർദിക് പാണ്ഡ്യ കളിക്കണമെന്ന് പറഞ്ഞ തിലക് ആറാം നമ്പറിൽ ശിവം ദുബെയെ പിന്തുണച്ചു. രണ്ട് പേസ് ഓൾറൗണ്ടർമാരും ടീമിൽ വേണമെന്നാണ് രഹാനെ നിർദേശിക്കുന്നത്.

Content Highlights- Ajinkya Rahane support sanju samson for opening slot in t20 worldcup

To advertise here,contact us