അടുത്ത വട്ടം ഡയലോഗ് കുറക്കുക, നന്നായി കളിക്കുക; ആഷസ് തോൽവിക്ക് ശേഷം ഇംഗ്ലണ്ടിനെ ട്രോളി ആരാധകർ

ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിൻസ് ഒരു മത്സരവും ജോഷ് ഹെയ്‌സൽവുഡ് ഒരു കളി പോലും കളിച്ചില്ലെന്നും ആരാധകർ ഓർമിപ്പിക്കുന്നു

അങ്ങനെ ഒരുപാട് ഹൈപ്പിന് ശേഷം മറ്റൊരു ആഷസ് കൂടി അവസാനിച്ചിരിക്കുകയാണ്. അഞ്ചിൽ നാല് മത്സരവും വിജയിച്ച് ഓസ്‌ട്രേലിയ പൂർണ ആധിപത്യമാണ് പരമ്പരയിൽ പുറത്തെടുത്തത്. ഒരുപാട് പ്രതീക്ഷകളുമായെത്തിയ ഇംഗ്ലണ്ടിന് കാര്യമായ നീക്കങ്ങളൊന്നും തന്നെ സൃഷ്ടിക്കാൻ സാധിച്ചില്ല.

പരമ്പരക്ക് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റിനെ കളിയാക്കിയും ട്രോളിയും രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ബാസ് ബോളെന്ന പഴകിയ തന്ത്രം എടുത്ത് മാറ്റാനും അടുത്ത വട്ടം വരുമ്പോൾ സംസാരം കുറച്ച് കളിയിൽ ശ്രദ്ധകേന്ദ്രികരിക്കാനും ആരാധകർ കമന്റ് ചെയ്യുന്നു.

ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിൻസ് ഒരു മത്സരവും ജോഷ് ഹെയ്‌സൽവുഡ് ഒരു കളി പോലും കളിച്ചില്ലെന്നും ആരാധകർ ഓർമിപ്പിക്കുന്നു. ബാസ് ബോൾ ക്രിക്കറ്റ് കളിച്ച് ഇംഗ്ലണ്ട് ഇതുവരെ വലിയ വിജയങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ലെന്നും ആരാധകരുടെ കമന്റുണ്ട്.

ആഷസിൽ അഞ്ചിൽ നാല് മത്സരവും വിജയിച്ചാണ് ഓസ്‌ട്രേലിയയുടെ ആധിപത്യം. എംസിജിയിൽ നടന്ന നാലാം മത്സരത്തിൽ മാത്രമാണ് ഇംഗ്ലണ്ട് വിജയം കണ്ടത്. അവസാന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 160 പിന്തുടർന്ന് കങ്കാരുപ്പട അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

37 റൺസ് നേടിയ മാർനസ് ലബുഷെയ്‌നാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ജേക്ക് വെതറാൾഡ് 34 റൺസ് നേടി. അവസാന ഇന്നിങ്‌സിന് ഇറങ്ങിയ ഉസ്മാൻ ഖവാജ ആറ് റൺസ് നേടി മടങ്ങി. അലക്‌സ് കാലി (16) കാമറൂൺ ഗ്രീൻ (22) പുറത്താകാതെ വിജയം എളുപ്പമാക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി ജോഷ് ടംഗ് മൂന്ന് വിക്കറ്റ് നേടി. 302 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് പുനരാംഭിച്ച ഇംഗ്ലണ്ട് 40 റൺസ് കൂടി സ്‌കോർബോർഡിൽ ചേർത്തു. 154 റൺസ് നേടിയ ജേക്കബ് ബെഥലിന്റെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് ലീഡ് നൽകിയത്.

നേരത്തെ ഒന്നാം ഇന്നിങ്‌സിൽ നേടിയ 183 റൺസിന്റെ കൂറ്റൻ ലീഡാണ് ഓസ്‌ട്രേലിയക്ക് വിജയം എളുപ്പമാക്കിയത്. ആദ്യ ഇന്നിങ്‌സിൽ ട്രാവിസ് ഹെഡ് (163), സ്റ്റീവ് സ്മിത്ത് (138) എന്നിവർ ഓസീസിനായി ശതകം തികച്ചു. ഇംഗ്ലണ്ടിനായി ഒന്നാം ഇന്നിങ്‌സിൽ റൂട്ടും സെഞ്ച്വറി നേടിയിരുന്നു. ട്രാവിസ് ഹെഡ് കളിയിലെ താരമായും മിച്ചൽ സ്റ്റാർക്ക് പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു

To advertise here,contact us