ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വലക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ടെസ്റ്റ് ക്രിക്കറ്റിലെ തുടർ തോൽവികൾ. സ്വന്തം മണ്ണിലടക്കം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ സംഘത്തിന് രക്ഷയില്ല. ലോങ് ഫോർമാറ്റിലെ ഇന്ത്യയുടെ ഈ പ്രശ്നങ്ങൾ മറികടക്കാൻ നിർദേശവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ.
ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ടീം മികച്ച തയ്യാറെടുപ്പ് നടത്തണമെന്നാണ് ഗില്ലിന്റെ നിർദേശം. ഒരു പരമ്പരയ്ക്ക് മുമ്പ് 15 ദിവസത്തെ തയ്യാറെടുപ്പുണ്ടെങ്കിൽ നന്നാവുമെന്ന് അനൗദ്യോഗിക കൂടിക്കാഴ്ചയില് ഇന്ത്യന് നായകൻ വ്യക്തമാക്കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
'ഒരു ടെസ്റ്റ് പരമ്പരയ്ക്ക് പോകുന്നതിന് മുമ്പ് ടീമിന് മികച്ച തയ്യാറെടുപ്പ് ആവശ്യമാണെന്ന് ഗില്ലിന് വ്യക്തമാണ്. ഈ ഒരു സീസണിൽ ടീമിന് തയ്യാറെടുക്കാൻ അധികം സമയം ലഭിച്ചില്ല. ഒരു ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് 15 ദിവസത്തെ റെഡ് ബോൾ ക്യാംപ് ആവശ്യമാണെന്ന് ഗിൽ ബോർഡിനെ അറിയിച്ചിട്ടുണ്ട്,' ബിസിസിഐ അംഗത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഗിൽ രോഹിത് ശർമയ്ക്ക് ശേഷം മികച്ച ഒരു നായകനായി വളരുന്നുണ്ടെന്നും അദ്ദേഹത്തിന് മികച്ച വിഷനുണ്ടെന്നും വൃത്തങ്ങള് കൂട്ടിച്ചേർത്തു. ഇംഗ്ലണ്ട് പര്യടനത്തിലാണ് ഗിൽ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനായി സ്ഥാനം സ്ഥാനമേറ്റത്.
Content Highlights: Shubman Gill requests BCCI for long camps before Test series