'400 വിക്കറ്റ് നേടിയാലും നിങ്ങളെ അവര്‍ പുറത്താക്കും'; ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ മുന്‍ താരം

വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിട്ടും ഷമിയെ ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ‌ സെലക്ടർമാർ തയാറാകാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു

സീനിയർ പേസർ മുഹമ്മദ് ഷമിയെ ഏകദിന ടീമിൽ ഉൾപ്പെടുത്താത്തതിൽ രൂക്ഷവിമർശനവുമായി മുൻ താരം ഇർഫാൻ പത്താൻ. ജനുവരി 11-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ഷമിക്ക് ഇടം ലഭിക്കാതെ പോയത്. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിട്ടും ഷമിയെ ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ‌ സെലക്ടർമാർ തയാറാകാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പത്താനും പ്രതികരിച്ച് രം​ഗത്തെത്തിയത്.

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോൾ ഏറ്റവും വലിയ ചർച്ചാ വിഷയം ഷമിയാണെന്ന് ഇർഫാൻ പത്താൻ പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റി ചിന്തിക്കുന്നത് എന്തെല്ലാമാണെന്ന് അവർക്ക് മാത്രമാണ് അറിയുകയെന്നും പത്താന്‍ ചൂണ്ടിക്കാട്ടി. എങ്കിലും ദേശീയ ടീമിലേക്ക് ഷമിക്ക് ഇപ്പോഴും മടങ്ങിവരാൻ സാധ്യതയുണ്ടെന്നും പത്താൻ അഭിപ്രായപ്പെട്ടു.

'ഇന്നലെ വന്ന് കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച് തിരികെ പോയ ഒരാളല്ല ഷമി. 450-500 അന്താരാഷ്ട്ര വിക്കറ്റുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അത് വളരെ വലിയ സംഖ്യയാണ്. 400-ൽ അധികം വിക്കറ്റുകൾ നേടിയ ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെടുകയും ഫിറ്റ്നസ് സംബന്ധിച്ച് ചോദ്യങ്ങളുയരുകയും ചെയ്യുന്നത് എല്ലാവർക്കും സംഭവിക്കുന്നതാണ്. ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം നമ്മൾ സ്വയം തെളിയിച്ചുകൊണ്ടിരിക്കണം', പത്താൻ ചൂണ്ടിക്കാട്ടി.

ഈ സീസണിൽ മാത്രം 200ൽ അധികം ഓവറുകൾ ഇതിനോടകം ഷമി എറിഞ്ഞു കഴിഞ്ഞു. എന്നിട്ടും ഫിറ്റ്നസാണ് പ്രശ്നമെങ്കിൽ, പിന്നെ എന്ത് മെച്ചപ്പെടുത്തലാണ് ആവശ്യമെന്ന് സെലക്ഷൻ കമ്മിറ്റിക്ക് മാത്രമേ അറിയൂ എന്നും പത്താൻ കൂട്ടിച്ചേർത്തു. ദേശീയ ടീമിലേക്ക് മടങ്ങിയെത്താൻ 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഷമി മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന് പത്താൻ നിർദ്ദേശിച്ചു. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഷമിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കാൻ സാധിച്ചിട്ടില്ല.

Content highlights: Irfan Pathan reacts Mohammed Shami's omission from India's ODI squad

To advertise here,contact us