അവനാണ് താരം! ലോകകപ്പില്‍ തുറുപ്പ് ചീട്ടാകും; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി എബിഡി

പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ കളി തിരിക്കാന്‍ കഴിയുന്ന താരം ടീമിന്റെ ബാലന്‍സിനും വലിയ മുതല്‍ക്കൂട്ടാണെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി

അടുത്ത മാസം ആരംഭിക്കുന്ന അന്താരാഷ്ട്ര ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരമാകുക ഓള്‍ റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യയായിരിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്.

പാണ്ഡ്യയായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുന്ന താരമാകുകയെന്ന് ഡിവില്ലിയേഴ്‌സ് യുട്യൂബ് ചാനലില്‍ പറഞ്ഞു. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ കളി തിരിക്കാന്‍ കഴിയുന്ന താരം ടീമിന്റെ ബാലന്‍സിനും വലിയ മുതല്‍ക്കൂട്ടാണെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

ഓപ്പണിങ്ങില്‍ തകര്‍ത്തടിക്കാന്‍ അഭിഷേക് ശര്‍മയും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണുമുണ്ട്. റിഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും യശസ്വി ജയ്‌സ്വാളിന്റെയും ജിതേഷ് ശര്‍മയുടെയും അസാന്നിധ്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു. നിര്‍ഭാഗ്യം കൊണ്ടാണ് അവര്‍ക്ക് ലോകകപ്പ് ടീമിലിടം ലഭിക്കാതെ പോയത്.

ടീമിലുള്ള താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായി തല ഉയര്‍ത്തി നില്‍ക്കുന്നത് ഹാര്‍ദിക്ക് പാണ്ഡ്യയാണ്. ലോകകപ്പില്‍ ഹാര്‍ദിക്കിന് നിര്‍ണായക റോളുണ്ടാകുമെന്നുറപ്പാണ്. കാരണം, പന്തുകൊണ്ടും ബാറ്റുകൊണ്ടും കളി ജയിപ്പിക്കാന്‍ മികവുള്ള താരമാണ് ഹാര്‍ദിക്ക്.

ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാനും പന്തെറിയാനും അവന് സാധിക്കും. അവന്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോഴെ എത്രയും വേഗം പുറത്താക്കണമെന്നാകും എതിരാളികള്‍ ആഗ്രഹിക്കുക. കാരണം, അവന്‍ മൂന്നോ നാലോ ഓവര്‍ ക്രീസില്‍ നിന്നാല്‍ കളി കൈവിട്ടുപോകുമെന്ന് അവര്‍ക്കറിയാം. അതുപോലെ തന്നെയാണ് അവന്‍ പന്തെറിയാനെത്തുമ്പോഴും. എപ്പോള്‍ പന്തെറിയാനെത്തിയാലും വിക്കറ്റെടുക്കാനും കൂട്ടുകെട്ടുകള്‍ പൊളിക്കാനുമുള്ള പ്രത്യേക മികവ് ഹാര്‍ദിക്കിനുണ്ട്. അവന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും വലിയ മുതല്‍കൂട്ടാണ്,' ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Content Highlights- ab devillers says hardhik pandya is key for the worldcup

To advertise here,contact us