'എന്തിനാണ് എപ്പോഴും അദ്ദേഹം ടീമിൽ?'; ഇന്ത്യയുടെ ഏകദിന ടീം സെലക്ഷനെ വിമർശിച്ച് മുൻ താരം

സൗത്ത് ആഫ്രിക്കയ്ക്കെതിരായി നടന്നിരുന്ന പരമ്പരയിലെ ഏകദിന ടീമിൽ നിന്നും വലിയ മാറ്റമൊന്നുമില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയ്ക്കെതിരായി നടന്നിരുന്ന പരമ്പരയിലെ ഏകദിന ടീമിൽ നിന്നും വലിയ മാറ്റമൊന്നുമില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ടി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഫോം അലട്ടിയിരുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ വരെ മാറ്റിനിർത്താൻ ബി സി സി ഐ സെലക്ഷൻ കമ്മറ്റി ധൈര്യം കാണിച്ചിരുന്നു. അതിന് ശേഷം നടത്തുന്ന ആദ്യ ടീം പ്രഖ്യാപനത്തിൽ എന്തെല്ലാം സർപ്രൈസുകൾ ഉണ്ടാകുമെന്ന ആകാംഷയിലായിരുന്നു ആരാധകരെങ്കിലും വലിയ തീരുമാനങ്ങളുണ്ടായില്ല. ടീമില്‍ വലിയ അത്ഭുതങ്ങളൊന്നുമില്ലെങ്കിലും ടീം തെരഞ്ഞെടുപ്പില്‍ രൂക്ഷവിമര്‍ശനവുമായി പലരും രംഗത്തെത്തി.

മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സുബ്രഹ്‌മണ്യം ബദരീനാഥ് ടീം സെലക്ഷനെ വിമര്‍ശിച്ചു. ടീമില്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഉള്‍പ്പെടുത്തിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. അവസാന ഏകദിന ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവിശ്വസനീയ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്‌വാദിനെ ഒഴിവാക്കിയതിനെയും എസ് ബദരീനാഥ് വിമര്‍ശിച്ചു.

'രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ രണ്ട് ഓള്‍റൗണ്ടര്‍മാരോടൊപ്പം നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലുണ്ട്. എന്തിനാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് എനിക്കറിയില്ല. അദ്ദേഹം ഒരു ഓള്‍റൗണ്ടറാണെന്ന് അവര്‍ പറയുന്നു. പക്ഷേ പന്ത് എറിയുമ്പോഴെല്ലാം അദ്ദേഹം നന്നായി തല്ല് വാങ്ങുന്നു'- ബദരീനാഥ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

റുതുരാജ് ഗെയ്ക്വാദ് കഴിഞ്ഞ പരമ്പരയില്‍ നന്നായി ബാറ്റ് ചെയ്തിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ടീമില്‍ ഇല്ലാത്തത്, എന്തുകൊണ്ടാണ് നിതീഷ് കുമാര്‍ റെഡ്ഡി ടീമിലുള്ളത്? തീര്‍ച്ചയായും അവിടെ ചില പൊരുത്തക്കേടുകള്‍ ഉണ്ട്. മറ്റ് സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ പ്രതീക്ഷിച്ചതുപോലെ വളരെ മികച്ചതാണ്. റുതുരാജ് ഗെയ്ക്വാദിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയെ തിരഞ്ഞെടുത്തതാണ് ഏക ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

Content highlights:

To advertise here,contact us