അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്റ്; പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം

അണ്ടർ-15 വനിതാ ഏകദിന ടൂർണമെൻ്റിൽ വിജയം തുടർന്ന് കേരളം.

അണ്ടർ-15 വനിതാ ഏകദിന ടൂർണമെൻ്റിൽ വിജയം തുടർന്ന് കേരളം. പോണ്ടിച്ചേരിക്കെതിരെ ആറ് വിക്കറ്റിനായിരുന്നു കേരളത്തിൻ്റെ ജയം. മഞ്ഞു വീഴ്ച്ചയെ തുട‍ർന്ന് 29 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 20.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പോണ്ടിച്ചേരിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നാല് റൺസെടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ മടങ്ങിയപ്പോൾ 50 റൺസെടുത്ത അൻജും, 17 റൺസെടുത്ത അ​ഗല്യ എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്. കേരളത്തിന് വേണ്ടി ശിവാനി സുരേഷും ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഓപ്പണർ വൈഗ അഖിലേഷിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും മറുവശത്ത് ഉറച്ചു നിന്ന ക്യാപ്റ്റൻ ഇവാന ഷാനിയുടെ ഇന്നിങ്സ് കേരളത്തിന് കരുത്തായി. 44 റൺസുമായി ഇവാന പുറത്താകാതെ നിന്നു. ആര്യനന്ദ 14-ഉം, ജൊഹീന ജിക്കുപാൽ 12-ഉം, ജുവൽ ജീൻ ജോൺ 11-ഉം റൺസെടുത്തു. ലെക്ഷിദ ജയൻ പുറത്താകാതെ എട്ട് റൺസെടുത്തു. 21-ാം ഓവറിൽ കേരളം ലക്ഷ്യത്തിലെത്തി.

Content Highlights: Under-15 Women's ODI Tournament; Kerala beats Pondicherry by six wickets

To advertise here,contact us