'ഗില്ലിന് പോലും ഇടമില്ല, ഇന്ത്യൻ ടീം അതിശക്തർ'; പ്രതികരണവുമായി റിക്കി പോണ്ടിങ്

2026 ലോകകപ്പ് ടീമിൽ നിന്ന് ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്.

2026 ലോകകപ്പ് ടീമിൽ നിന്ന് ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്. ഗില്ലിനെ പുറത്താക്കിയത് വിശ്വസിക്കാനായില്ലെന്ന് പറഞ്ഞ പോണ്ടിങ് ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കരുത്തിനെയാണ് കാണിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

എനിക്ക് അത് വിശ്വസിക്കാനായില്ല. അദ്ദേഹത്തിന്റെ സമീപകാല ഫോം, വൈറ്റ്-ബോൾ ക്രിക്കറ്റിൽ മികച്ചതായിരുന്നില്ലെന്ന് എനിക്കറിയാം. ഞാൻ അദ്ദേഹം അവസാനമായി കളിക്കുന്നത് കണ്ടത് യുകെയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലാണ്. അവിടെ അദ്ദേഹം കളിച്ചത്ര മികച്ച രീതിയിൽ ഞാൻ ആരെയും ബാറ്റ് ചെയ്യുന്നത് കണ്ടിട്ടില്ല", ഐസിസി റിവ്യൂവിൽ സംസാരിക്കവെ പോണ്ടിങ് പറഞ്ഞു.

"ഒന്ന്, ഞാൻ അത്ഭുതപ്പെടുന്നു. രണ്ട്, അത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആഴം കാണിക്കുന്നു. ശുഭ്മാൻ ഗില്ലിനെ പോലെയുള്ള ഒരാൾക്ക് ലോകകപ്പ് ടീമിൽ ഇടംകിട്ടുന്നില്ലെങ്കിൽ, അവർക്ക് എത്ര നല്ല കളിക്കാർ ഉണ്ടെന്നാണ് അത് കാണിക്കുന്നത്", പോണ്ടിങ് കൂട്ടിച്ചേർത്തു.

ലോകകപ്പ് ടീമിൽനിന്ന് ഉപനായകനായിരുന്ന ഗില്ലിനെയും ജിതേഷ് ശർമയേയും ഒഴിവാക്കുകയും ഇഷാൻ കിഷൻ, റിങ്കു സിങ് എന്നിവരെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഗില്ലിന് പകരം മലയാളി താരം സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തീരുമാനത്തിലും മാനേജ്മെന്റെത്തി.

ഏകദിന, ടെസ്റ്റ് ഫോർമാറ്റിലടക്കം ടീമിലെ അനിഷേധ്യ സാന്നിധ്യമായിരുന്നിട്ടും ടി20 യിൽ പിഴച്ചതോടെയാണ് മാനേജ്മെന്റ് കടുത്ത തീരുമാനത്തിലേക്ക് കടന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിരാശപ്പെടുത്തുന്നതായിരുന്നു ഗില്ലിന്റെ ബാറ്റിങ്. ആദ്യ മത്സരത്തിൽ വെറും നാലുറൺസ് മാത്രമാണ് നേടാനായത്. രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി മടങ്ങി. മൂന്നാം ടി20 യിൽ 28 പന്തിൽ 28 റൺസാണ് താരത്തിന്റെ സമ്പാദ്യം.

നാലാം മത്സരത്തിന് മുമ്പ് പരിക്കേറ്റതോടെ ഗിൽ പരമ്പരയിൽ നിന്ന് പുറത്തായി. നാലാം മത്സരത്തിൽ സഞ്ജു തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും മത്സരം മഴമൂലം ഉപേക്ഷിച്ചു. അഞ്ചാം മത്സരത്തിൽ സഞ്ജു ഓപ്പണറായെത്തി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

Content highlights: Ricky Ponting expresses surprise over Shubman Gill's T20 World Cup snub

To advertise here,contact us