ടി 20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ല; മറ്റൊരു വേദി വേണം; ICC ക്ക് കത്തയച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാനെ വിലക്കിയതിനെ തുടര്‍ന്നാണ് തീരുമാനം.

താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴാസാണ് മുസ്തഫിസുറിനെ ടീമിലെടുത്തിരുന്നത്. എന്നാല്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു നല്‍കിയിരുന്നു. ഇതോടെ താരത്തെ ഒഴിവാക്കേണ്ടി വന്നു.

പിന്നാലെയാണ് ഇന്ത്യയിലേക്കില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തയച്ചത്. സുരക്ഷാ കാരണങ്ങളാലാണ് ടീം ഇന്ത്യയിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചതെന്ന് ബിസിബി ചൂണ്ടിക്കാട്ടി.

കരാര്‍ പ്രകാരം ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരന് ഇന്ത്യയില്‍ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, മുഴുവന്‍ ടീമിനും ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമായിരിക്കില്ലെന്ന് സര്‍ക്കാര്‍ ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ പറഞ്ഞു. പകരം മറ്റൊരു വേദി അനുവദിക്കണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ബിസിബിയുടെ അഭ്യര്‍ത്ഥനയോട് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ലിറ്റണ്‍ ദാസ് നയിക്കുന്ന 15 അംഗ സ്‌ക്വാഡില്‍ മുസ്തഫിസുര്‍ റഹ്മാനും ഇടം പിടിച്ചു. സൈഫ് ഹസനാണ് ബംഗ്ലാദേശ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

Content highlights: bangladesh not travel to india fo t20 world cup

To advertise here,contact us