2026 ഐപിഎല്ലിനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ വലിയ ആശങ്ക നിറഞ്ഞ വാർത്തകളാണ് ശുഭ്മൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ തേടിയെത്തുന്നത്. ടൈറ്റൻസിന്റെ സൂപ്പർ താരം സായ് സുദർശന് പരിക്കേറ്റിരിക്കുകയാണ്. വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിന് വേണ്ടി കളിക്കുന്നതിനിടെയാണ് യുവതാരത്തിന്റെ വാരിയെല്ലിന് പരിക്കേറ്റത്.
നിലവിൽ ബെംഗളൂരുവിലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിലാണ് സായ്. വിജയ് ഹസാരെ ട്രോഫിയില് ഡിസംബര് 26ന് കഴിഞ്ഞ മത്സരത്തില് തമിഴ്നാടിന് വേണ്ടി ഫീല്ഡ് ചെയ്യുന്നതിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. താരത്തിന്റെ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഏഴ് ആഴ്ചയോളം താരത്തിന് വിശ്രമം അനിവാര്യമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്ട്ട്. ഇതോടെ ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് അദ്ദേഹം പുറത്തായി.
പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ഐപിഎൽ സീസൺ അടുത്തിരിക്കുന്ന സാഹചര്യത്തിൽ താരത്തിന്റെ പരിക്ക് ടൈറ്റൻസിനെ സംബന്ധിച്ചിടത്തോളം ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവില് ഗുജറാത്ത് ടൈറ്റന്സിന്റെ മിന്നും ഓപ്പണറാണ് സായ്. 2025ലെ ഐപിഎല്ലില് റണ്വേട്ടക്കാരുടെ ലിസ്റ്റില് ഒന്നാമനായ സായിയുടെ പരിക്ക് ശുഭ്മന് ഗില് നയിക്കുന്ന ഗുജറാത്തിന് വലിയ തിരിച്ചടിയാകും.
Content highlights: Sai Sudharsan sustains rib fracture, rules out of VHT; concerns ahead of IPL 2026