ടി20 ലോകകപ്പിന് മുന്നോടിയായി ഐസിസിക്ക് മുന്നറിയിപ്പുനൽകി ഇന്ത്യയുടെ മുൻതാരം രവിചന്ദ്രൻ അശ്വിൻ. ഈ വർഷം നടക്കുന്ന ടി20 ലോകകപ്പ് ആരും കാണില്ലെന്നും ആളുകൾക്ക് താൽപര്യം നഷ്ടമായെന്നുമാണ് താരം പറഞ്ഞത്. അതിന്റെ കാരണവും അശ്വിൻ വിശദീകരിച്ചു. തൻ്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിൻ്റെ പ്രതികരണം.
'ഇത്തവണ ടി20 ലോകകപ്പ് ആരും കാണാൻ പോകുന്നില്ല. ഇന്ത്യ–അമേരിക്ക, ഇന്ത്യ–നമീബിയ തുടങ്ങിയ മത്സരങ്ങളൊക്കെ ആരാധകരെ ലോകകപ്പിൽ നിന്ന് അകറ്റും. മുൻപ് നാല് വർഷം കൂടുമ്പോഴാണ് ലോകകപ്പ് നടന്നിരുന്നത്. അതുകൊണ്ടുതന്നെ ആളുകൾക്ക് കാണാൻ കൂടുതൽ താൽപര്യമുണ്ടായിരുന്നു. മുൻപ് ഇംഗ്ലണ്ടും ശ്രീലങ്കയുമൊക്കെയായിരുന്നു ആദ്യ റൗണ്ടിൽ ഇന്ത്യയുടെ എതിരാളികൾ. അത് കുറേക്കൂടി നല്ലതായിരുന്നു', അശ്വിൻ പറഞ്ഞു.
'ഞാൻ സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് 1996, 1999, 2003 കാലഘട്ടങ്ങളിൽ ടി20 ലോകകപ്പ് എല്ലാ നാല് വർഷം കൂടുമ്പോഴുമാണ് നടന്നിരുന്നത്. ലോകകപ്പ് കാർഡുകളൊക്കെ ശേഖരിച്ച് ടൂർണമെൻ്റിന് വേണ്ടി കാത്തിരിക്കുമായിരുന്നു. ഈ പ്രതീക്ഷ സ്വാഭാവികമായി ഉണ്ടാവുന്നതായിരുന്നു. 2027 ലോകകപ്പിന് ശേഷം ഏകദിനത്തിൻ്റെ ഭാവിയെപ്പറ്റി എനിക്ക് ആശങ്കയുണ്ട്', അശ്വിൻ കൂട്ടിച്ചേർത്തു.
ഈ വർഷം ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ആരംഭിക്കുക. മാർച്ച് എട്ടിന് ലോകകപ്പ് അവസാനിക്കും. പാകിസ്താൻ, നമീബിയ, യുഎസ്എ, നെതർലൻഡ്സ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. അമേരിക്കയാണ് എതിരാളികൾ. ഫെബ്രുവരി 12ന് നമീബിയയും 15ന് പാകിസ്താനും 18ന് നെതർലൻഡ്സുമാണ് ഇന്ത്യയുടെ എതിരാളികൾ.
Content highlights: 'No one is going to watch T20 World Cup 2026': says Ravichandran Ashwin