പാകിസ്താൻ ടെസ്റ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് രാജിവെച്ചതിന്റെ കാരണം വെളിപ്പെടുത്തി ജേസൺ ഗില്ലസ്പി. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് എടുത്ത ചില തീരുമാനങ്ങൾ തനിക്ക് അപമാനമുണ്ടാക്കിയാതായി ഓസ്ട്രേലിയൻ മുൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.
അസിസ്റ്റന്റ് കോച്ച് ടിം നീൽസനെ പുറത്താക്കുന്നതിന് മുൻപ് പിസിബി താനുമായി ആശയവിനിമയം നടത്തിയിരുന്നില്ലെന്നും ഈ നീക്കം അംഗീകരിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ ലീഗിനെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് എക്സിൽ മറുപടി പറയവേയാണ് ഗില്ലസ്പിയുടെ വെളിപ്പെടുത്തൽ.
പിഎസ്എൽ മികച്ച മത്സരമാണെന്ന് ഗില്ലസ്പി അഭിപ്രായപ്പെട്ടു. എന്നിട്ടും എന്തുകൊണ്ടാണ് പാക് ക്രിക്കറ്റിൽനിന്ന് വിട്ടുനിന്നതെന്ന് മറ്റൊരു ആരാധകൻ ചോദിച്ചു. ഇതിന് മറുപടിയായാണ് രാജിവെക്കാനുള്ള കാരണം അദ്ദേഹം വെളിപ്പെടുത്തിയത്.
'പാകിസ്താൻ ടെസ്റ്റ് ടീമിന്റെ കോച്ചായിരുന്നു ഞാൻ. എന്നോട് ഒരു ആശയവിനിമയവും നടത്താതെയാണ് പിസിബി ഞങ്ങളുടെ സീനിയർ അസിസ്റ്റന്റ് കോച്ചിനെ പുറത്താക്കിയത്. മുഖ്യ പരിശീലകനെന്ന നിലയിൽ ഈ സാഹചര്യം എനിക്ക് ഒട്ടും അംഗീകരിക്കാനാവുമായിരുന്നില്ല. എന്നെ പൂർണമായും അപമാനിതനാക്കിയ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു' ഗില്ലസ്പി കുറിച്ചു.
2024 ഏപ്രിലിൽ പാക് ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ഗില്ലസ്പി, എട്ട് മാസങ്ങൾക്കുശേഷം പദവി രാജിവെച്ചു. ദക്ഷിണാഫ്രിക്കയിലെ പാകിസ്താന്റെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരുന്നു രാജി. ശേഷം നിരവധി പരിശീലകർ ഈ ഒരു വർഷകാലയളവിൽ വന്നും പോയും കൊണ്ടിരുന്നു. പി സി ബിയിലെ ആഭ്യന്തര തർക്കങ്ങളാണ് പ്രതിസന്ധിയായി പലരും ചൂണ്ടിക്കാട്ടിയത്.
Content highlights: