'സച്ചിനെ പോലെയാണ് അര്‍ജുന്‍ ബാറ്റ് ചെയ്യുന്നത്'; വാനോളം പുകഴ്ത്തി യോഗ്‌രാജ് സിങ്, പിന്നാലെ ട്രോള്‍പൂരം

'പക്ഷേ ആരും തനിക്ക് ബാറ്റ് ചെയ്യാൻ അവസരം നൽകാറില്ലെന്നാണ് അർ‌ജുൻ പറഞ്ഞത്'

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ്ങിനെ കുറിച്ച് മുന്‍ ക്രിക്കറ്റ് താരവും യുവരാജ് സിങ്ങിന്റെ അച്ഛനുമായ യോഗ്‌രാജ് സിങ്. സച്ചിന്റെ പോലെത്തന്നെയാണ് മകനായ അര്‍ജുന്റെയും ബാറ്റിങ്ങെന്നാണ് യോഗ്‌രാജ് സിങ്ങിന്റെ അഭിപ്രായം. ഇതിന് പിന്നാരെ വലിയ വിമര്‍ശനങ്ങളും ട്രോളുകളുമാണ് യോഗ്‌രാജിനെതിരെ ഉയരുന്നത്.

ഓള്‍റൗണ്ടറെന്ന് പറയുമ്പോഴും അര്‍ജുന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ബോളിങ്ങിലാണെന്നും എന്നാല്‍ ബോളിങ്ങിനേക്കാള്‍ കൂടുതല്‍ അര്‍ജുന് ചേരുക ബാറ്റിങ്ങാണെന്നും യോഗ്‌രാജ് സിങ് പറഞ്ഞു. സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് രവിഷ് ബിഷ്ട്ടിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യോഗ്‌രാജ് സിങ്ങിന്റെ പ്രതികരണം.

‘എല്ലാവരും അര്‍ജുന്റെ ബോളിങ്ങില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ കോച്ചുമാര്‍ക്കെല്ലാം എന്താണ് പ്രശ്നമെന്ന് എനിക്ക് അറിയില്ല. അര്‍ജുന്‍ അടിസ്ഥാനപരമായി ഒരു ബാറ്ററാണ്. അവന്‍ എന്റെ അക്കാദമിയിലേക്ക് വന്നപ്പോള്‍ ഞാന്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്‘

‘ഒരു ദിവസം പരിശീലനത്തിനിടെ അവന് പന്ത് കൊണ്ടു. അവന് കുഴപ്പമില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ പാഡ് കെട്ടി ബാറ്റിങ് പരിശീലിക്കാന്‍ പറഞ്ഞു. പക്ഷേ ആരും തനിക്ക് ബാറ്റ് ചെയ്യാൻ അവസരം നൽകാറില്ലെന്നാണ് അർ‌ജുൻ പറഞ്ഞത്. താൻ ബാറ്റ് ചെയ്യുന്നത് ഞാന്‍ മുമ്പ് കണ്ടിട്ടില്ലെന്ന് ഞാൻ അർ‌ജുനോട് പറഞ്ഞു. പിന്നാലെ അവൻ നെറ്റ്സിലേക്ക് പോയി. അർജുൻ നന്നായി ബാറ്റ് ചെയ്യുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അർജുന് നിങ്ങൾ എന്താണ് ബാറ്റ് ചെയ്യാൻ അവസരം നൽകാത്തതെന്ന് ഞാൻ അവന്റെ കോച്ചിനോട് ചോദിച്ചു. പക്ഷേ അദ്ദേഹം ഒഴിവുകഴിവുകൾ‌ പറയുകയായിരുന്നു.അദ്ദേഹത്തിന്റെ അച്ഛന്റെ പോലെത്തന്നെ അർ‌ജുൻ മികച്ച നിലവാരമുള്ള ബാറ്ററാണെന്ന് ഞാൻ കോച്ചിനോട് പറഞ്ഞു‘, യോഗ്‌രാജ്‌ സിങ് പറഞ്ഞു.

Content highlights: ‘He Bats Like His Father’, Yograj Singh Stuns Fans With Comments On Arjun Tendulkar

To advertise here,contact us