ധോണി മുതൽ മെസി വരെ; 2026 ൽ പടിയിറങ്ങിയേക്കാവുന്ന ഇതിഹാസങ്ങൾ ആരെല്ലാം!

2026ല്‍ വിരമിച്ചേക്കാവുന്ന ചില ഇതിഹാസങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്ന ഒരു വർഷമായിരിക്കും 2026, തീർച്ച. ക്രിക്കറ്റും ഫുട്ബോളും മുതൽ അത്‌ലറ്റിക്‌സും, ഒളിമ്പിക്സ് വരെ നിറഞ്ഞുനിൽക്കുന്ന വർഷം. ഫിഫ ലോകകപ്പ്, ഐസിസി ടി20 ലോകകപ്പ് തുടങ്ങിയ ജനപ്രിയ ഇവന്റുകളും ഉൾപ്പെട്ട വർഷം.

ഫുട്‌ബോള്‍, ക്രിക്കറ്റ് ലോകകപ്പുകളുള്‍പ്പെടെ കായിക പ്രേമികളെ ഹരം കൊള്ളിക്കാന്‍ നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് ഈ വര്‍ഷം വരാനിരിക്കുന്നത്. ഇതോടൊപ്പം തന്നെ കായിക ലോകത്തെ ഐക്കണുകളായ ചില ഇതിഹാസങ്ങളുടെ വിരമിക്കലുകള്‍ക്കും ഈ വര്‍ഷം സാക്ഷിയാവും. 2026ല്‍ വിരമിച്ചേക്കാവുന്ന ചില ഇതിഹാസങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

ഇന്ത്യയുടെ മുന്‍ ഇതിഹായ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ക്രിക്കറ്റ് കരിയറിന് വിരാമമിടാൻ സാധ്യതയുള്ള ഒരാള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തേ വിരമിച്ചതാണെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം 44ാം വയസ്സിലും അദ്ദേഹം കളി തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലോടെ ധോണി കളി മതിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹം ആ തീരുമാനമെടുത്തില്ല.

പോര്‍ച്ചുഗല്‍ ക്യാപ്റ്റനും ഇതിഹാസ ഫുട്‌ബോളറുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ വര്‍ഷം വിരമിച്ചേക്കാവുന്ന രണ്ടാമത്തെയാള്‍. 40 കളിലേക്കു കടന്നെങ്കിലും ദേശീയ ടീമിലും ക്ലബ്ബ് ഫുട്‌ബോളിലുമെല്ലാം അദ്ദേഹം ഇപ്പോഴും സജീവമാണ്. ലോകകപ്പില്‍ കിരീടമുയര്‍ത്തിയ ശേഷം രാജകീയമായി കളി മതിയാക്കാനായിരിക്കും റൊണാള്‍ഡോയുടെ ആഗ്രഹം. ലോകകപ്പ് സ്വപ്‌നം പൂവണിയുമോയെന്നത് സംശയമാണെങ്കിലും ഇനിയൊരു വര്‍ഷം കൂടി അദ്ദേഹത്തെ കളിക്കളത്തില്‍ കണ്ടേക്കില്ല.

ആധുനിക ഫുട്‌ബോളിലെ ഇതിഹാസമായ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയാണ് ഈ വര്‍ഷം ബൂട്ടഴിച്ചേക്കാവുന്ന മറ്റൊരു ഇതിഹാസം. അദ്ദേഹത്തെ സംബന്ധിച്ച് ഇനി കരിയറില്‍ ഒന്നും സ്വന്തമാക്കാനില്ല. മെസ്സിയുടെ ട്രോഫി കളക്ഷനിലെ ഏക മിസ്സിങ് ഫിഫ ലോകകപ്പായിരുന്നു, ഖത്തര്‍ വേദിയായ അവസാന എഡിഷനില്‍ അദ്ദേഹം അതും അക്കൗണ്ടിലേക്കു ചേര്‍ത്തിരുന്നു. അതുകൊണ്ട് തന്നെ ഈ ലോകകപ്പ് മെസിക്ക് ഒരു ബോണസ് മാത്രമാണ്. ലോകകപ്പിനു ശേഷം മെസ്സി കളിക്കളത്തില്‍ തുടര്‍ന്നേക്കില്ല.

ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസമായി മാറിയ സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചാണ് ഈ വര്‍ഷം വിരമിക്കാനിടയുള്ള അടുത്തയാള്‍. 39 കാരനായ അദ്ദേഹം കരിയറില്‍ എല്ലാ നേട്ടങ്ങളും കൈവരിച്ചു കഴിഞ്ഞു. ടെന്നീസ് താരമെന്ന നിലയില്‍ ജോക്കോയുടെ കരിയര്‍ സമ്പൂര്‍ണമായി മാറിക്കഴിഞ്ഞുവെന്നു തന്നെ പറയാം.

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റേയും അവസാന വർഷമായിരിക്കും 2026. ഇന്ത്യയെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ഹർമൻ ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ കളിച്ചാവും പാഡഴിക്കുക.

Content highlights: From Dhoni to Messi; Who are the legends who may retire in 2026?

To advertise here,contact us