കാര്യവട്ടത്ത് എറിഞ്ഞിട്ടത് ലോകറെക്കോര്‍ഡ്; ടി20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ദീപ്തി ശര്‍മ

ശ്രീലങ്കയ്ക്കെതിരെ നടന്ന അഞ്ചാം ടി20 മത്സരത്തിലാണ് ദീപ്തി റെക്കോർഡ് സ്വന്തമാക്കിയത്

കാര്യവട്ടത്ത് എറിഞ്ഞിട്ടത് ലോകറെക്കോര്‍ഡ്; ടി20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ദീപ്തി ശര്‍മ
dot image

വനിതാ ടി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓൾറ‍ൗണ്ടർ ദീപ്‌തി ശർമ. വനിതാ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡാണ് ദീപ്തി സ്വന്തം പേരിലെഴുതിച്ചേർത്ത‌ത്. തിരുവനന്തപുരത്തെ കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന അഞ്ചാം ടി20 മത്സരത്തിലാണ് ദീപ്തി ലോകറെക്കോർഡ് സ്വന്തമാക്കിയത്.

മത്സരത്തിൽ ഒരു വിക്കറ്റാണ് ദീപ്തി സ്വന്തമാക്കിയത്. ലങ്കയുടെ നിലക്ഷി ഡി സില്‍വയെയാണ് (3) ദീപ്തി പുറത്താക്കിയത്. ഇതോടെ 134 മത്സരങ്ങളിൽ നിന്ന് ദീപ്തി ശർമയുടെ നേട്ടം 152 വിക്കറ്റായി. 151 വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ മേഗൻ ഷട്ടിനെയാണ്‌ ദീപ്തി മറികടന്നത്‌.

രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഇരുപത്തെട്ടുകാരിയായ ദീപ്തിയുടെ സമ്പാദ്യം ഇതോടെ ആകെ 334 വിക്കറ്റായി. ഇ‍ൗ റെക്കോഡിൽ മൂന്നാം സ്ഥാനത്താണ്‌ ദീപ്തി. ഇന്ത്യൻ മുൻ പേസർ ജൂലൻ ഗോസ്വാമിയാണ്‌ (355) ഒന്നാമത്‌. ഇംഗ്ലണ്ടിന്റെ കാതറിൻ ഷിവർ ബ്രന്റ്‌ (335) രണ്ടാമതും.

മത്സരത്തിൽ 15 റൺസിന് വിജയിച്ച ഇന്ത്യ ലങ്കൻ വനിതകൾക്കെതിരായ പരമ്പര തൂത്തുവാരുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് മാത്രമാണ് നേടാനായത്. 42 പന്തില്‍ 65 റൺസ് നേടിയ ഓപ്പണർ ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി പന്തെടുത്തവരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights: Deepti Sharma creates history; becomes highest wicket-taker in Women’s T20s

dot image
To advertise here,contact us
dot image