ഗില്ലിനെ മറികടക്കാന്‍ സ്മൃതി മന്ദാന; കാര്യവട്ടത്ത് ചരിത്രം കുറിക്കാന്‍ വേണ്ടത് 62 റണ്‍സ് മാത്രം

ശ്രീലങ്കയ്ക്കെതിരായ അഞ്ചാം ടി20 മത്സരത്തിൽ‌ സ്മൃതി മന്ദാനയെ കാത്തിരിക്കുന്നത് വലിയൊരു റെക്കോർഡ് കൂടിയാണ്

ശ്രീലങ്കയ്‌ക്കെതിരായ വനിതാ ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന് കാര്യവട്ടത്ത് നടക്കും. കാര്യവട്ടം ​ഗ്രീൻഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ‌ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ഇറങ്ങുക.

മത്സരത്തിൽ‌ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയെ കാത്തിരിക്കുന്നത് വലിയൊരു റെക്കോർഡ് നേട്ടം കൂടിയാണ്. ക്രിക്കറ്റില്‍ ഈ വര്‍ഷം എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യൻ താരമെന്ന ചരിത്രനേട്ടമാണ് കാര്യവട്ടത്ത് സ്മൃതിയെ കാത്തിരിക്കുന്നത്. 62 റണ്‍സ് നേടിയാല്‍ സ്മൃതിക്ക് ഈ നേട്ടം സ്വന്തമാക്കാം.

ഈ റെക്കോർഡിൽ ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിനെ മറികടക്കാനുള്ള സുവർണാവസരമാണ് സ്മൃതി മന്ദാനയ്ക്ക് മുന്നിലുള്ളത്. 1,764 റണ്‍സുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. സ്മൃതി 1703 റണ്‍സ് നേടിയിട്ടുണ്ട്. 62 റണ്‍സ് നേടിയാല്‍ ​ഗില്ലിനെ സ്മൃതിക്ക് പിന്നിലാക്കാം.

2025 ല്‍ ഉടനീളം മന്ദാന തുടര്‍ച്ചയായ ഫോമിലാണ് ബാറ്റുവീശുന്നത്. ഏകദിനത്തിലും ടി20യിലും മികച്ച പ്രകടനമാണ് 2025ല്‍ മന്ദാന പുറത്തെടുത്തത്. ഓപ്പണറായ മന്ദാനയുടെ ഫോം പല മത്സരങ്ങളിലും ഇന്ത്യന്‍ ടീമിന് നിര്‍ണായകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് സ്മൃതിയെ തേടിയെത്തിയിരുന്നു.

Content Highlights: IND W vs SL W: Smriti Mandhana Needs 62 Runs Vs Sri Lanka To surpass Shubman Gill in historic feat

To advertise here,contact us