വൈഭവിനെ സൈഡാക്കിയ ആരോൺ; സഖ്ലെയ്ൻ മുഷ്താഖിന്റെ ശിഷ്യനായ ഇനാൻ; ഇന്ത്യൻ ടീമിലിടം നേടിയ മലയാളികൾ

കേരളത്തിന്റെ പ്രതീക്ഷയായി മാറിയ ഈ രണ്ട് താരങ്ങളെക്കുറിച്ചറിയാം.

അണ്ടർ 19 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ ശ്രദ്ധേയമായത് രണ്ട് മലയാളി താരങ്ങൾ ഇടം നേടിയതാണ്. ലെഗ് സ്പിന്നർ മുഹമ്മദ് ഇനാനും ബാറ്ററായ ആരോൺ ജോർജുമാണ് അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളികൾ.

കേരള ക്രിക്കറ്റിലെ യുവതാരങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകിയാണ് ആരോണും ഇനാനും ഇന്ത്യൻ ടീമിലേക്കെത്തുന്നത്. കേരളത്തിന്റെ പ്രതീക്ഷയായി മാറിയ ഈ രണ്ട് താരങ്ങളെക്കുറിച്ചറിയാം.

മുഹമ്മദ് ഇനാൻ എന്ന പേര് പലർക്കും അത്ര സുപരിചിതമല്ല. ലെഗ് സ്പിന്നുകൊണ്ട് വിസ്മയിപ്പിക്കുന്ന ബൗളറാണ് ഇനാൻ. ഓസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് അരങ്ങേറ്റത്തിലാണ് ഇനാൻ ഏവരെയും ഞെട്ടിച്ചത്. 9 വിക്കറ്റുകൾ വീഴ്ത്തിയാണ് താരം വരവറിയിച്ചത്.

ഓസ്ട്രേലിയക്കെതിരേ രണ്ട് ഏകദിനത്തിൽ നിന്ന് ആറ് വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.

ഇനാന്റെ പിതാവ് ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. പിതാവിനൊപ്പമായിരുന്ന ഇനാൻ യുഎഇയിലുള്ള സഖ്ലെയ്ൻ മുഷ്താഖ് ക്രിക്കറ്റ് ക്യാംപിൽ നിന്നാണ് ബാലപാഠം പഠിക്കുന്നത്. തുടക്ക കാലത്ത് പേസ് ബൗളറായിരുന്നു ഇനാൻ. പിന്നീട് സ്പിന്നിലേക്ക് താരത്തെ തിരിച്ചുവിട്ടത് മുഷ്താഖാണ്.

അണ്ടർ 14 ടീമിലൂടെയാണ് കേരള ക്രിക്കറ്റിന്റെ ഭാഗമാകുന്നത്. 2022-23ലെ വിജയ് മർച്ചന്റ് ട്രോഫിയിൽ 32 വിക്കറ്റുകളാണ് ഇനാൻ വീഴ്ത്തിയത്. കുച്ച് ബിഹാർ ട്രോഫിയിൽ 24 വിക്കറ്റും 200 റൺസും താരം നേടി. ഇതാണ് അണ്ടർ 19 കേരള ടീമിലേക്ക് താരത്തെ എത്തിച്ചത്. ഇവിടെ നിന്നാണ് ഇപ്പോൾ ഇന്ത്യയുടെ അണ്ടർ 19 ഏകദിന ലോകകപ്പ് ടീമിലേക്കുമെത്തുന്നത്.

കേരള ക്രിക്കറ്റിൽ നിന്ന് പ്രതീക്ഷ നൽകുന്ന മറ്റൊരു താരമാണ് ആരോൺ ജോർജ്. ഇക്കഴിഞ്ഞ അണ്ടർ 19 ഏഷ്യാ കപ്പിലാണ് ആരോൺ ജോർജ് എല്ലാവരുടേയും ശ്രദ്ധ നേടുന്നത്. പാകിസ്താനെതിരായ മത്സരത്തിൽ വൈഭവ് അടക്കമുള്ള ഇന്ത്യക്ക് ബാറ്റിങ് തകർച്ച നേരിട്ടപ്പോൾ ടീമിനെ കെെപിടിച്ച് ഉയർത്തിയത് ആരോണായിരുന്നു.

വിനോ മങ്കാദ് ട്രോഫിയിൽ രണ്ട് സീസണുകളിൽ നിന്ന് 700ലധികം റൺസ് നേടിയ താരമാണ് ആരോൺ. 2022-23 വിജയ് മർച്ചന്റ് ട്രോഫിയിൽ 303 റൺസ് നേടി. ഏതായാലും സഞ്ജുവിന്റെ പിൻഗാമികളായി ഇന്ത്യൻ ക്രിക്കറ്റിന്റെ സീനിയർ ടീമിലേക്കും ഇരുവരും അധികം വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കാം.

Content Highlights:who is aaron george and mohammed enaan ,unde 19 world cup malayali selcetion

To advertise here,contact us