റൂട്ടും ഹെഡുമൊന്നുമല്ല; 2025 ൽ ടെസ്റ്റിലെ റൺവേട്ടക്കാരിൽ മുന്നിൽ ഒരിന്ത്യക്കാരൻ!

ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡ്ഡാണ് ഈ വർഷത്തെ ടെസ്റ്റ് റൺവേട്ടക്കാരിൽ രണ്ടാമതുള്ളത്

2025 കലണ്ടർ വർഷം തീരാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിൽ 2025ലെ റൺവേട്ടക്കാരിൽ ഒന്നാമനായിരിക്കുകയാണ് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ.

ഒമ്പതു ടെസ്റ്റുകളിൽനിന്നായി 16 ഇന്നിങ്സുകളിൽനിന്ന് 989 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. അഞ്ചു സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും താരത്തിന്‍റെ പേരിലുണ്ട്.

രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റൻസി ഏറ്റെടുത്ത ഗില്ലിന്‍റെ ബാറ്റിങ് ശരാശരി 70.21 ആണ്. ക്യാപ്റ്റൻസി ഭാരം തനിക്ക് കൂടുതൽ മികവാണ് ബാറ്റിങ്ങിൽ നൽകിയതെന്നായിരുന്നു ഗില്ലിന്റെ സ്റ്റേറ്റ്മെന്റ്. അതിനിടയിൽ ഇംഗ്ലണ്ടിനെതിരെ ഒരു ഇരട്ട സെഞ്ച്വറിയും കുറിച്ചു.

ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡ്ഡാണ് ഈ വർഷത്തെ ടെസ്റ്റ് റൺവേട്ടക്കാരിൽ രണ്ടാമതുള്ളത്. 11 ടെസ്റ്റുകളിൽനിന്ന് 817 റൺസാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിൽ രണ്ടു സെഞ്ച്വറികളാണ് താരം നേടിയത്.

ഇന്ത്യൻ ബാറ്റർ കെ.എൽ. രാഹുൽ (10 ടെസ്റ്റുകളിൽനിന്ന് 813 റൺസ്), ഇംഗ്ലണ്ട് വെറ്ററൻ താരം ജോ റൂട്ട് (10 ടെസ്റ്റുകളിൽനിന്ന് 805 റൺസ്), ഹാരി ബ്രൂക്ക് (771 റൺസ്) എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.

അതേ സമയം ഈ കലണ്ടർ വർഷം ടി 20 യിൽ തിളങ്ങാൻ ഗില്ലിനായില്ല. മോശം ഫോം ടീമിന്റെ വൈസ് ക്യാപ്റ്റൻസി മാത്രമല്ല, ടീമിലെ സ്ഥാനം തന്നെ നഷ്ടമാകുകയും ചെയ്തു. വരുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും ഗിൽ ഇടം പിടിച്ചില്ല.

Content Highlights: no root nad head; indian batter end 2025 with most test runs

To advertise here,contact us