ക്യാപ്റ്റനും രക്ഷിക്കാനായില്ല; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ നാലാം ടി20യിലും ഇന്ത്യയ്ക്ക് വിജയം

52 റൺസ് നേടിയ ക്യാപ്റ്റൻ ചമരി അത്തപ്പട്ടുവാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ

ശ്രീലങ്കൻ വനിതകൾക്കെതിരായ നാലാം ടി20യിലും ഇന്ത്യയ്ക്ക് ആധികാരിക ജയം. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 30 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ശ്രീലങ്കൻ വനിതകൾക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ സാധിച്ചുള്ളൂ. 52 റൺസ് നേടിയ ക്യാപ്റ്റൻ ചമരി അത്തപ്പട്ടുവാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി വൈഷ്ണവി ശർമയും അരുന്ധതി റെഡ്ഡിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ കാര്യവട്ടത്ത് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ വനിതകൾ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 221 റൺസ് അടിച്ചെടുത്തിരുന്നു. ഓപ്പണർമാരുടെ അർധ സെഞ്ച്വറികളാണ് ഇന്ത്യയെ വമ്പൻ സ്കോറിലെത്തിച്ചത്. 48 പന്തിൽ 80 റൺസ് നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.

222 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരാനിറങ്ങിയ ലങ്കന്‍ വനിതകള്‍ അതിവേഗം തുടങ്ങിയെങ്കിലും തുടക്കവുമായി മുന്നേറിയെങ്കിലും പിന്നീട് റണ്‍സെടുക്കുന്നതില്‍ വേഗം കുറഞ്ഞു. ക്യാപ്റ്റന്‍ ചമരി അത്തപ്പട്ടു 37 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും സഹിതം 52 റണ്‍സെടുത്തു തിരിച്ചടിക്ക് നേതൃത്വം നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.

സഹ ഓപ്പണര്‍ ഹസിനി പെരേര (33), ഇമേഷ ദുലനി (29), ഹര്‍ഷിത സമരവിക്രമ (20), നിലാക്ഷിക സില്‍വ (പുറത്താകാതെ 23) എന്നിവര്‍ പൊരുതി നോക്കി. ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശ്രീ ചരണി ഒരു വിക്കറ്റെടുത്തു.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടരെ രണ്ടാം പോരാട്ടമാണ് ഇന്ത്യന്‍ വനിതകള്‍ വിജയിക്കുന്നത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 4-0ത്തിന് മുന്നില്‍. ആദ്യ മൂന്ന് മത്സരവും വിജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

Content Highlights: IND-W vs SL-W, 4th T20: IIndia beat Sri Lanka by 30 runs to take 4-0 lead

To advertise here,contact us