നീണ്ട കാലത്തെ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ഐ എസ് എൽ ആരംഭിക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ലീഗ് നടത്തിപ്പിന് സ്പോൺസർമാരെ കണ്ടെത്താൻ ബുദ്ധിമുട്ടിയ എ ഐ എഫ് എഫ് ലീഗിന് പുതുജീവൻ നൽകാൻ വിപുലമായ പദ്ധതികളുമായാണ് എത്തിയിരിക്കുന്നത്.
അടുത്ത 20 വർഷത്തേക്ക് ചിലവുകൾ ചുരുക്കി ഫെഡറേഷന്റെ ഉടമസ്ഥതയിൽ തന്നെ ലീഗ് സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. അനിശ്ചിതമായി വൈകുന്ന 2025-26 സീസണിന് ഫെബ്രുവരി അഞ്ചിന് കിക്കോഫ് കുറിക്കാനും തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉടമസ്ഥതയും സംഘാടനവും ഫെഡറേഷൻ തന്നെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് നീണ്ടകാല പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. എല്ലാ വർഷവും ജൂൺ ഒന്നിന് തുടങ്ങി മേയ് 31 വരെ 12 മാസം നീണ്ടു നിൽക്കുന്നതാവും ഒരു സീസൺ. 70 കോടി ബജറ്റ് നിശ്ചയിച്ച്, ചിലവുകൾ പരമാവധി ചുരുക്കി ലീഗ് സംഘടിപ്പിക്കാനാണ് പദ്ധതി.
കളിക്കുന്ന ക്ലബുകൾ പങ്കാളിത്ത ഫീസായി എല്ലാ വർഷവും ഒരു കോടി രൂപ ഫെഡറേഷന് നൽകണം. എന്നാൽ, ഈ തുക സീസൺ അവസാനത്തിൽ ക്ലബുകൾക്ക് തിരികെ നൽകും. വരുമാന വിഹിതത്തിന്റെ 10 ശതാമനം ഫെഡറേഷനും, 30 ശതമാനും വാണിജ്യ പങ്കാളികൾക്കുമായി നീക്കിവെക്കും.
ഐ ഐ എഫ് എഫ് ലീഗിന്റെ കാര്യത്തിലെടുത്ത തീരുമാനം ക്ലബുകൾ എങ്ങനെ നോക്കി കാണുമെന്നാണ് ഇനിയറിയേണ്ടത്. ഈ ആഴ്ച ക്ലബ് പ്രതിനിധികളുമായി നടത്തുന്ന ചർച്ചയിലാകും അന്തിമ രൂപം ഉണ്ടാകുക.
Content Highlights: ISL new season start with feb 5 , aiff with new model