വിജയ് ഹസാരെ ട്രോഫിയിൽ തുടർന്നുള്ള ബിഹാറിന്റെ മത്സരങ്ങൾ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് നഷ്ടപ്പെടും. ടൂർണമെന്റിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മണിപ്പൂരിനെതിരെ ബിഹാർ താരത്തിന് ഇറങ്ങാനായിരുന്നില്ല. രാജ്യം കുട്ടികൾക്ക് നല്കുന്ന ഏറ്റവും വലിയ പുരസ്കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല് പുരസ്കാരം ഏറ്റുവാങ്ങാനായി ഡല്ഹിക്ക് പോയതിനാലാണ് വൈഭവിന് ഇന്ന് മണിപ്പൂരിനെതിരായ മത്സരം നഷ്ടമായതെന്ന് വൈഭവിന്റെ പരിശീലകനായ മനീഷ് ഓജ പറഞ്ഞു.
ഇപ്പോഴിതാ തുടർന്നുള്ള വിജയ് ഹസാരെ മത്സരങ്ങളിലും താരത്തിന് കളിക്കാനാകില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രി രാഷ്ട്രീയ ബാല് പുരസ്കാരം സ്വീകരിച്ചശേഷം തിരിച്ചെത്തുന്ന വൈഭവ് അണ്ടര് 19 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാംപിലേക്കാണ് പോകുക. അതുകൊണ്ടാണ് താരത്തിന് ബിഹാറിനായുള്ള വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ നഷ്ടമാവുന്നത്. അടുത്ത വര്ഷം ജനുവരി 15 മുതല് സിംബാബ്വെയിലും നമീബിയയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്.
വിജയ് ഹസാരെ ടൂർണമെന്റിൽ ബിഹാറിന് വേണ്ടി കളിക്കുന്ന 14കാരൻ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അരുണാചലിനെതിരായ ടൂർണമെന്റിലെ ആദ്യമത്സരത്തിൽ പത്ത് റൺസകലെയാണ് താരത്തിന് ഇരട്ട സെഞ്ച്വറി നഷ്ടപ്പെട്ടത്. 36 പന്തില് സെഞ്ച്വറി കുറിച്ച വൈഭവ് സൂര്യവംശി 84 പന്തില് 190 റണ്സ് നേടി പുറത്താവുകയായിരുന്നു. അരുണാചൽ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ വൈഭവ് അടക്കം മൂന്ന് സെഞ്ച്വറികളും ബിഹാറിന് വേണ്ടി പിറന്നു. മൂന്ന് സെഞ്ച്വറികളുടെ കരുത്തിൽ ബിഹാർ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസെന്ന റെക്കോർഡ് ടോട്ടൽ അടിച്ചെടുക്കുകയും പിന്നീട് അരുണാചലിനെതിരെ 397 റൺസിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.
Content Highlights: Vaibhav Suryavanshi Will Not Play Anymore In Vijay Hazare Trophy, Here is Why