വീണ്ടും ഷെഫാലീ..; കാര്യവട്ടത്ത് ലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയവും പരമ്പരയും

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടി 20 യിലും ഇന്ത്യയ്ക്ക് ജയം.

ഷെഫാലി വർമ ഒരിക്കൽ കൂടി വെടിക്കെട്ട് തീർത്തപ്പോൾ ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടി 20 യിലും ഇന്ത്യയ്ക്ക് ജയം. ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ഇന്ത്യ 40 പന്തുകൾ ബാക്കി നിൽക്കെ എട്ട് വിക്കറ്റിന് ജയിച്ചു.

വെറും 42 പന്തിൽ മൂന്ന് സിക്‌സറും 11 ഫോറുകളും അടക്കം 79 റൺസ് നേടി പുറത്താകാതെ നിന്ന ഷെഫാലിയാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മത്സരത്തിലും ഇന്ത്യയുടെ വിജയശില്പി അർധ സെഞ്ച്വറി നേടിയ ഷെഫാലിയായിരുന്നു.

ഹർമൻപ്രീത് 21 റൺസുമായി പുറത്താകാതെ നിന്നു. സ്മൃതി മന്ദാന (1 ), ജെമീമ റോഡ്രിഗസ് (9 ) എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസാണ് നേടിയത്.

നാല് വിക്കറ്റ് നേടിയ രേണുക സിങ്ങും മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമയുമാണ് ശ്രീലങ്കയെ തകർത്തത്. ശ്രീലങ്കയ്ക്ക് വേണ്ടി ഇമേഷ ദുലാനി 27 റൺസും ഹസിനി പെരേര 25 റൺസും കവിഷ ദില്‍ഹാരി 20 റൺസും നേടി.

ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ത്തിന് മുന്നിലെത്തി. പരമ്പരയും ഉറപ്പിച്ചു. അടുത്ത രണ്ട് മത്സരങ്ങളും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

Content Highlights: shefali varma shines ; india win 3rd t20 and series over srilanka

To advertise here,contact us