2025-26 വിജയ് ഹസാരെ ട്രോഫിയില് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനത്തെ കുറിച്ച് മുന് ഇന്ത്യന് താരം ആര് അശ്വിന്. ബിഹാറിന് വേണ്ടി കളിക്കുന്ന 14കാരന് പത്ത് റൺസകലെയാണ് ഇരട്ട സെഞ്ച്വറി നഷ്ടപ്പെട്ടത്. 36 പന്തില് സെഞ്ചുറി കുറിച്ച വൈഭവ് സൂര്യവംശി 84 പന്തില് 190 റണ്സ് നേടി പുറത്താവുകയായിരുന്നു. അരുണാചൽ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ വൈഭവ് അടക്കം മൂന്ന് സെഞ്ച്വറികളും ബിഹാറിന് വേണ്ടി പിറന്നു. മൂന്ന് സെഞ്ച്വറികളുടെ കരുത്തിൽ ബിഹാർ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസെന്ന റെക്കോർഡ് ടോട്ടൽ അടിച്ചെടുക്കുകയും പിന്നീട് അരുണാചലിനെതിരെ 397 റൺസിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.
മത്സരത്തിൽ വൈഭവിന്റെ പ്രകടനത്തെ പ്രശംസിച്ചെങ്കിലും ഇത് ഒരു മത്സരമേയല്ലെന്നാണ് അശ്വിൻ അഭിപ്രായപ്പെട്ടത്. ബാറ്റും ബോളും തമ്മില് ശരിയായ മത്സരം നടക്കുമ്പോഴാണ് യഥാര്ത്ഥ ക്രിക്കറ്റ് സംഭവിക്കുകയെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. വിജയ് ഹസാരെ ട്രോഫിയിലെ പ്ലേറ്റ് ലെവല് മത്സരമായിരുന്നു ഇത്. ടീമുകളുടെ ഗുണനിലവാരത്തില് പ്രകടമായ വ്യത്യാസമുണ്ടെന്നും അശ്വിന് ചൂണ്ടിക്കാട്ടി.
'വൈഭവ് സൂര്യവംശി വലിയ കൈയ്യടി തന്നെ അർഹിക്കുന്നുണ്ട്. പക്ഷേ ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ. ചില ടീമുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ട്. ചില ടീമുകളുടെ കാര്യത്തിൽ ഇത് വളരെ ഏകപക്ഷീയമായി മാറുകയാണ്. അവിടെ ഒരു മത്സരവുമില്ല. ഇതൊരു ഐഡിയലായിട്ടുള്ള മത്സരമല്ല. വൈഭവിന്റെ പ്രകടനത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹം ചെയ്യേണ്ടത് ചെയ്യുന്നുണ്ട്. പക്ഷേ, അരുണാചൽ പ്രദേശ് പോലുള്ള ടീമുകളെ നല്ല ടീമുകളായി നമ്മൾ കരുതുന്നുണ്ടെങ്കിൽ അത് താരങ്ങളുടെ ആത്മവിശ്വാസത്തെ എങ്ങനെയെല്ലാം ബാധിക്കും?', അശ്വിൻ പറഞ്ഞു.
Content Highlights: R Ashwin gives his take on Vaibhav Suryavanshi's Century Performance in Vijay Hazare Trophy