'ദക്ഷിണാഫ്രിക്കൻ പരിശീലകൻ ജാഗ്രത പുലർത്തണമായിരുന്നു'; ഗ്രോവൽ പരാമർശത്തിൽ മൗനം വെടിഞ്ഞ് ബാവുമ

ദക്ഷിണാഫ്രിക്കൻ പരിശീലകൻ ശുക്രി കോൺറാഡിന്റെ ഗ്രോവൽ പരാമർഷത്തിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ

ദക്ഷിണാഫ്രിക്കൻ പരിശീലകൻ ശുക്രി കോൺറാഡിന്റെ ഗ്രോവൽ പരാമർഷത്തിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ. ഗ്രോവൽ പോലെയുള്ള പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നെന്നും ബാവുമ പ്രതികരിച്ചു.

‘ഇത്തരം പ്രതികരണങ്ങളിൽ വ്യക്തത വേണം. മാധ്യമങ്ങൾ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഞാൻ സമ്മർദത്തിലായി. ആദ്യമായി ഇതേക്കുറിച്ച് കേട്ടപ്പോൾ അരോചകമായാണ് തോന്നിയത്. അന്ന് അതു പറഞ്ഞതിനു പകരം മറ്റേതെങ്കിലും വാക്ക് ഉപയോഗിക്കാമായിരുന്നെന്ന് ശുക്രി തന്നെ പ്രതികരിച്ചിട്ടുണ്ട്. എനിക്കും അതേ അഭിപ്രായമാണ്' ബാവുമ പറഞ്ഞു.

ഇന്ത്യയെ തോൽപ്പിച്ച ശേഷമുള്ള വാർത്ത സമ്മേളനത്തിലായിരുന്നു ശുക്രി ഗ്രോവൽ പരാമർശം നടത്തിയിരുന്നത്. 'ഇന്ത്യൻ താരങ്ങൾ ഫീൽഡിൽ കഴിയുന്നത്ര സമയം ​ഗ്രൗണ്ടിൽ ഉണ്ടായിരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. ഒരു വാചകം കടമെടുത്ത് പറയുകയാണെങ്കിൽ, അവർ ശരിക്കും 'ഗ്രോവൽ' ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. മത്സരത്തിൽ നിന്ന് അവരെ പൂർണ്ണമായും പുറത്താക്കി, അവസാന ദിവസവും ഇന്ന് വൈകുന്നേരം ഒരു മണിക്കൂറും വന്ന് പിടിച്ചുനിൽക്കാൻ ഞങ്ങൾ അവരോട് പറയുകയായിരുന്നു, എന്നായിരുന്നു കോൺറാഡിന്റെ വാക്കുകൾ.

കോൺറാഡിന്‍റെ ഈ പരാമർശം ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ രോഷത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റിൽ 'ഗ്രോവൽ' (ഒരു ടീമിനെ തീർത്തും നിസ്സഹായരും അപമാനിതരുമാക്കി പരാജയപ്പെടുത്തുക) എന്ന വാക്ക് വംശീയമല്ലാത്ത അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. എങ്കിലും ​ഗ്രോവൽ‌ എന്ന വാക്കിന് ചരിത്രപരമായി വളരെ വലിയ പ്രാധാന്യമുണ്ട്.

1976ൽ ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ദക്ഷിണാഫ്രിക്കൻ വംശജനായ ഇംഗ്ലണ്ട് ക്യാപ്റ്റൻ ടോണി ഗ്രെയ്ഗ്, തന്റെ ടീം വെസ്റ്റ് ഇൻഡീസിനെ "ഗ്രോവൽ" ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഇത് വലിയ വിവാദമാവുകയാണ് ചെയ്തത്. ആ കാലഘട്ടത്തിലെ വംശീയ രാഷ്ട്രീയത്തിന്റെയും മത്സരത്തിന്റെ കോളോണിയൽ ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ ഈ പ്രസ്താവന വംശീയമായ അധിക്ഷേപമായി കണക്കാക്കപ്പെട്ടു. പിന്നാലെ വെസ്റ്റ് ഇൻഡീസ് ടീം 3-0ന് ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു.

Content Highlights: Bavuma break sailent Conrad's grovel comment

To advertise here,contact us