വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ എലൈറ്റ് ഗ്രൂപ്പ് എ പോരാട്ടത്തിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ. അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 348 റൺസാണ് അടിച്ചെടുത്തത്. വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ച്വറിയാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് ആറ് റൺസകലെയാണ് സെഞ്ച്വറി നഷ്ടമായത്.
നായകനായി അരങ്ങേറ്റം കുറിച്ച രോഹൻ കുന്നുമ്മൽ മുന്നിൽ നിന്ന് നയിച്ചാണ് കേരളത്തെ മികച്ച ടോട്ടലിലെത്തിച്ചത്. 92 പന്തിൽ നിന്ന് 11 ഫോറുകളും 3 സിക്സറുമടക്കം 94 റൺസെടുത്താണ് രോഹൻ പുറത്തായത്. രണ്ടാം വിക്കറ്റിൽ ബാബ അപരാജിതിനൊപ്പം ചേർന്ന് 129 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും രോഹന് സാധിച്ചു. അർധ സെഞ്ച്വറി നേടിയ ബാബ അപരാജിതും (64) കേരളത്തിന് മികച്ച സംഭാവന നൽകി.
മധ്യനിരയിൽ വിഷ്ണു വിനോദ് തകർത്തടിച്ചതോടെ കേരളത്തിന്റെ സ്കോർ 300 കടന്നു. 62 പന്തിൽ നിന്ന് 9 ഫോറുകളും 6 സിക്സറുമടക്കം 102 റൺസുമായി വിഷ്ണു വിനോദ് പുറത്താകാതെ നിന്നു. ത്രിപുരയ്ക്ക് വേണ്ടി വിജയ് ശങ്കർ രണ്ട് വിക്കറ്റും എം ബി മുരാ സിംഗ് മൂന്ന് വിക്കറ്റും വീതം വീഴ്ത്തി.
Content Highlights: Vishnu Vinod smashes Century, Kerala hits big total in Vijay Hazare Trophy