കോഹ്‌ലി ഫാൻസിന് നിരാശ; വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹി- ആന്ധ്ര മത്സരം ചിന്നസ്വാമിയിൽ നിന്ന് മാറ്റി

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരം സുരക്ഷാപരമായ കാരണങ്ങൾകൊണ്ട് മാറ്റിവെച്ചു

കോഹ്‌ലി ഫാൻസിന് നിരാശ; വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹി- ആന്ധ്ര മത്സരം ചിന്നസ്വാമിയിൽ നിന്ന് മാറ്റി
dot image

വിരാട് കോഹ്‌ലിയുടെ ആരാധകർക്ക് വലിയ നിരാശ. ‌വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ സൂപ്പർ താരത്തിന്റെ കംബാക്ക് മത്സരം കാണാൻ കാത്തിരുന്നവർക്കാണ് തിരിച്ചടിയായിരിക്കുന്നത്. ടൂർണമെന്റിൽ‌ ഡല്‍ഹിയും ആന്ധ്രയും തമ്മില്‍ നാളെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരം സുരക്ഷാപരമായ കാരണങ്ങൾകൊണ്ട് മാറ്റിവെച്ചു. കർണാടക ആഭ്യന്തര മന്ത്രാലയത്തിന്റെ വൈകിയുള്ള നിർദ്ദേശത്തെത്തുടർന്ന് എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ എല്ലാ മത്സരങ്ങളും ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിലേക്കാണ് (സിഒഇ) മാറ്റിയത്.

കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ വിജയ് ഹസാരെ ട്രോഫി മത്സരം നടത്താൻ കഴിയില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് മത്സരത്തിന്‍റെ വേദി മാറ്റിയത്. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അനുമതി തേടിയെങ്കിലും ഇതും സാധ്യമല്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ നിലപാട്.

വിരാട് കോഹ്ലി ആഭ്യന്തര ക്രിക്കറ്റിൽ തിരിച്ചുവരുന്ന മത്സരമായതിനാൽ തന്നെ ആരാധകർ ഏറെ കാത്തിരുന്ന മത്സരമായിരുന്നു ഇത്. മത്സരം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയശേഷമാണ് അപ്രതീക്ഷിതമായുള്ള വേദിമാറ്റം. സുരക്ഷാ സമിതി ഇന്നലെ സ്റ്റേഡിയത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. എന്നാൽ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ സമിതി മത്സരത്തിന് അനുമതി നിഷേധിച്ചത്.

2025 ഐപിഎല്‍ കിരീടനേട്ടത്തിനുശേഷം ജൂണില്‍ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയത്.

Content Highlights: Virat Kohli’s Vijay Hazare Trophy comeback delayed as match moves to CoE from Chinnaswamy

dot image
To advertise here,contact us
dot image