ഇന്ത്യക്കായി കളിച്ചത് ഒറ്റ മത്സരം, ചെന്നൈക്കും മുംബൈക്കുമൊപ്പം IPL കിരീടം; ഒടുവിൽ വിരമിക്കൽ പ്രഖ്യാപിച്ച് താരം

വാര്‍ത്താസമ്മേളനത്തിലാണ് കര്‍ണാടകയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ 14 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമം കുറിക്കുന്നതായി പ്രഖ്യാപിച്ചത്

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം കൃഷ്ണപ്പ ഗൗതം. ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കര്‍ണാടകയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ 14 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമം കുറിക്കുന്നതായി പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ കൃഷ്ണപ്പ ഗൗതം ഐപിഎല്ലിലും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനായിരുന്നെങ്കിലും ഇന്ത്യന്‍ കുപ്പായത്തില്‍ ഒരു ടി20 മത്സരത്തില്‍ മാത്രമാണ് ഗൗതമിന് കളിക്കാനായത്. 2021ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ഗൗതം ഇന്ത്യയ്ക്കായി തന്റെ ഏക അന്താരാഷ്ട്ര മത്സരം കളിച്ചത്. 2012ലെ രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ കര്‍ണാടക്കായി അരങ്ങേറിയ ഗൗതം അരങ്ങേറ്റ മത്സരത്തില്‍ സുരേഷ് റെയ്‌നയെയും ഭുവനേശ്വര്‍ കുമാറിനെയും പുറത്താക്കിയാണ് വരവറിയിച്ചത്.

Krishnappa Gowtham has announced his retirement from all forms of cricket. pic.twitter.com/IRLXm9GBZ6

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ നട്ടെല്ലായിരുന്ന അദ്ദേഹം ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ മത്സരങ്ങളിലായി 320ലധികം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ അഞ്ച് ടീമുകളെ അദ്ദേഹം പ്രതിനിധീകരിച്ചു. 2017ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും 2021ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പവും ഗൗതം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്.

Content Highlights: Krishnappa Gowtham announces retirement from all forms of cricket

To advertise here,contact us