അന്താരാഷ്ട്ര ടി20 ക്രിക്കറ്റില് ആദ്യമായി ഒരോവറില് അഞ്ച് വിക്കറ്റ് വീഴ്ത്തി ഇന്തോനേഷ്യന് പേസര് ഗെഡെ പ്രിയാന്ദന. ചരിത്രത്തിലാദ്യമായാണ് പുരുഷ- വനിതാ ടി 20 യിൽ രാജ്യാന്തര തലത്തിൽ ഓരോവറിൽ അഞ്ചുവിക്കറ്റ് വീഴുന്നത്.
കംബോഡിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് റെക്കോർഡ് പിറന്നത്. 168 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന കംബോഡിയ 168-5 എന്ന സ്കോറില് നില്ക്കെയാണ് പ്രിയാന്ദന പന്തെറിയാനെത്തിയത്.
ആദ്യ മൂന്ന് പന്തുകളില് കംബോഡിയയുടെ ഷാ ബ്രാര് ഹുസൈന്, നിര്മല്ജിത് സിംഗ്, ചാന്തോയൻ രത്നാക് എന്നിവരെ പുറത്താക്കി ഹാട്രിക്ക് തികച്ചു. ശേഷം നാലാം പന്ത് ഡോട്ട് ബോളായി. അടുത്ത അഞ്ചും ആറും പന്തുകളിൽ മോങ്ദാര സോക്ക്, പെൽ വെന്നാക് എന്നിവരെ കൂടി പുറത്താക്കി.
പ്രിയാന്ദനയുടെ ഓവര് തുടങ്ങുമ്പോള് 106-5 ആയിരുന്ന കംബോഡിയ ഓവര് കഴിഞ്ഞപ്പോള് 107 റണ്സിന് ഓള് ഔട്ടായി. വൈഡിലൂടെ ലഭിച്ച ഒരു റണ് മാത്രമാണ് കംബോഡിയക്ക് നേടാനായത്.
ശ്രീലങ്കയുടെ ലസിത് മലിംഗ, അയര്ലന്ഡിന്റെ കര്ട്ടിസ് കാംഫര്, വെസ്റ്റ് ഇന്ഡീസിന്റെ ജേസണ് ഹോള്ഡർ, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന് എന്നിവർ ഒരോവറില് നാലു വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.
അതേസമയം ആഭ്യന്തര ക്രിക്കറ്റില് രണ്ട് താരങ്ങൾ പ്രിയാന്ദനക്ക് മുമ്പ് ഒരോവറില് 5 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ബംഗ്ലാദേശ് താരം അല് അമിന് ഹസുസൈനും 2029-2020ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില് കര്ണാടക ബൗളറായിരുന്ന അഭിമന്യു മിഥുനുമാണ് ആഭ്യന്തര ക്രിക്കറ്റില് ഒരോവറില് 5 വിക്കറ്റെടുത്തവര്.
Content Highlights: Indonesia’s pacer becomes first bowler take five wickets in an over in T20Is