'സഞ്ജു എന്തുചെയ്തിട്ടാണ് ലോകകപ്പ് ടീമിലെത്തിയത്? എല്ലാം പിആർ വർക്ക്'; കട്ടക്കലിപ്പിൽ ​ഗിൽ ഫാൻസ്

തികച്ചും അപ്രതീക്ഷിതമായാണ് ഗില്ലിനെ ടി20 ലോകകപ്പ് ടീമിൽ നിന്ന് ഇന്ത്യ തഴഞ്ഞത്

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും അപ്രതീക്ഷിതമായിരുന്നു യുവഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയത്. നിരവധി ആരാധകരെ അത്ഭുതപ്പെടുത്തിയ തീരുമാനമായിരുന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് എടുത്തത്. അവസാന ദക്ഷിണാഫ്രിക്കൻ ടി20 പരമ്പരയിൽ വരെ ഗിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. എന്നാൽ തികച്ചും അപ്രതീക്ഷിതമായാണ് താരത്തെ ഇന്ത്യ ടി20 ലോകകപ്പ് ടീമിൽ നിന്ന് തഴഞ്ഞത്. യാതൊരു ചർച്ചകളും കൂടാതെയാണ് ശുഭ്മാൻ ഗില്ലിനെ ഇന്ത്യ തഴഞ്ഞിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ഇപ്പോഴിതാ ​ഗില്ലിനെ പുറത്താക്കിയതിന് പിന്നാലെ നിരാശരായ ആരാധകർ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ​ഗില്ലിനെ തഴഞ്ഞ് സഞ്ജുവിനെ ടീമിലെടുക്കാനും മാത്രം സഞ്ജു എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുകയാണ് ​ഗിൽ ഫാൻസ്. സഞ്ജുവിനെ ടീമിലെടുക്കാൻ പിആർ വർക്ക് പ്രവർത്തനമാണ് കാരണമായതെന്നും ​ഗിൽ ആരാധകർ ആരോപിക്കുന്നു.

മൂന്ന് സെഞ്ച്വറികള്‍ അവകാശപ്പെടാനുണ്ടെങ്കിലും പ്രകടനങ്ങളില്‍ സ്ഥിരത പുലര്‍ത്താത്ത താരമാണ് സഞ്ജുവെന്നും ഗില്‍ അനുകൂലികള്‍ പറയുന്നു. ഒരു മത്സരത്തിൽ തിളങ്ങിയാൽ പിന്നെ 10 മത്സരം കഴിഞ്ഞാവും സഞ്ജു തിളങ്ങുക. സഞ്ജു പവർപ്ലേയിൽ ആക്രമിച്ച് കളിക്കുമെന്നല്ലാതെ മാച്ച് വിന്നറായ താരമല്ല എന്നൊക്കെയാണ് ഗിൽ ആരാധകർ ആരോപിക്കുന്നത്.

Content Highlights: 'It's all PR work'; Shubman Gill fans against Sanju Samson after T20WC snub

To advertise here,contact us