

വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ജാർഖണ്ഡ്. 20 അംഗ ടീമിനെ ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനാണ് പ്രഖ്യാപിച്ചത്. ഇഷാൻ കിഷൻ നയിക്കുന്ന ടീമിൽ കുമാർ കുശാഗ്രയാണ് വൈസ് ക്യാപ്റ്റൻ.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കന്നി കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് വിജയ് ഹസാരെ ട്രോഫിയിലും ഇഷാൻ കിഷൻ ടീമിനെ നയിക്കുന്നത്. ഹരിയാനയ്ക്കെതിരായ മുഷ്താഖ് അലി ട്രോഫി ഫൈനലിൽ 45 പന്തിൽ സെഞ്ച്വറി നേടി മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ, വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മുഷ്താഖ് അലി ട്രോഫിയിൽ 10 ഇന്നിംഗ്സുകളിൽ നിന്ന് 517 റൺസുമായി ടോപ്പ് സ്കോററായതും ഇഷാൻ കിഷനാണ്.
ഡിസംബർ 24ന് കർണാടകയെയാണ് ജാർഖണ്ഡ് ആദ്യ മത്സരത്തിൽ നേരിടുക. അഹമ്മദാബാദിലാണ് മത്സരം. മുഷ്താഖ് അലി ട്രോഫിയിൽ മിന്നിത്തിളങ്ങിയ ഇഷാന്റെ തകർപ്പൻ ഫോം വിജയ് ഹസാരെ ടൂർണമെന്റിലും ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കേരളം ഉൾപ്പെടുന്ന എ ഗ്രൂപ്പിലാണ് ജാർഖണ്ഡും ഉള്പ്പെടുന്നത്.
Content Highlights: After T20 World Cup selection, Ishan Kishan named Jharkhand's captain for 2025-26 Vijay Hazare Trophy