ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ; സഞ്ജുവിന് പുതിയൊരു വെല്ലുവിളി കൂടി

ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും യോഗത്തില്‍ പങ്കെടുക്കും.

അടുത്ത വർഷം ആദ്യത്തിൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനുശേഷം നാളെ മുംബൈയില്‍ ചേരുന്ന അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ടീം പ്രഖ്യാപനം നടത്തുക.

ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും യോഗത്തില്‍ പങ്കെടുക്കും. ടി20 ലോകകപ്പിന് മുന്നോടിയായി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഏകദിന, ടി 20 പരമ്പകള്‍ക്കുള്ള ടീമിനെയും നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ടീമിനെ പ്രഖ്യാപിക്കുമ്പോൾ സഞ്ജു സാംസൺ ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയ ശേഷം സഞ്ജുവിന് ഓപ്പണിങ്ങിൽ അവസരം നഷ്ടമായിരുന്നു. ശേഷം മധ്യനിരയിലേക്ക് മാറിയെങ്കിലും പിന്നീട് ടീമിൽ നിന്ന് തന്നെ സ്ഥാനം നഷ്ടമായി. ഫിനിഷർ റോളിൽ ജിതേഷ് ശർമയ്ക്കാണ് വിക്കറ്റ് കീപ്പിങ്ങിൽ അവസരം നൽകിയത്. എന്നാൽ ജിതേഷിനും ഗില്ലിനും തിളങ്ങാനുമായില്ല.

അതേ സമയം ഗില്ലിനും ജിതേഷിനും പുറമെ ഇഷാൻ കിഷനും വെല്ലുവിളി ഉയർത്തുന്നുണ്ട്. സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ മികച്ച ഫോമിലാണ് ഇഷാൻ കളിച്ചത്. ഫൈനലിൽ ജാർഖണ്ഡിന് വേണ്ടി ഹരിയാനയ്‌ക്കെതിരെ വെറും 45 പന്തിലാണ് താരം മൂന്നക്കം തൊട്ടത്.

10 സിക്സറുകളും ആറ് ഫോറുകളും കിഷന്റെ ബാറ്റിങ്ങിൽ നിന്ന് പിറന്നു. 49 പന്തിൽ 101 റൺസ് നേടി ക്യാപ്റ്റൻ കൂടിയായ ഇഷാൻ പുറത്തായി. താരത്തിന്റെ സെഞ്ച്വറി മികവിൽ 69 റൺസിനായിരുന്നു ജാർഖണ്ഡിന്റെ ഫൈനൽ ജയം. ഈ ടൂർണമെന്റിൽ 10 ഇന്നിംഗ്‌സുകളിൽ നിന്ന് 197.32 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിൽ 517 റൺസാണ് താരം നേടിയത്. ടൂർണമെന്റിലെ ടോപ് സ്കോററും ഇഷാനായിരുന്നു.

Content Highlights: t20 world cup indian team will be tomarrow ; sanju samson and ishan kishan

To advertise here,contact us