'ധുരന്ദര്‍ ട്രെന്‍ഡി'നൊപ്പം ഇഷാന്‍ കിഷന്‍; മുഷ്താഖ് അലി ട്രോഫിയുമായി വൈറല്‍ റീല്‍ റീക്രിയേറ്റ് ചെയ്ത് താരം

കിഷന്റെ ഡാൻസ് വൈറലായതോടെ റീൽ ചെയ്യാനുണ്ടായ കാരണവും താരം വിശദീകരിച്ചു

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കിരീടം ചൂടിയതിന് പിന്നാലെ വൈറൽ റീൽ റീക്രിയേറ്റ് ചെയ്ത് ജാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷൻ. ഫൈനലിൽ‌ ഹരിയാനയെ 69 റൺസിന് തോൽപ്പിച്ചാണ് ജാർഖണ്ഡ് കിരീടത്തിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 262 റൺസെന്ന ഹിമാലയൻ ടോട്ടൽ പടുത്തുയർത്തിയപ്പോൾ ഹരിയാനയുടെ മറുപടി 193 റൺസിൽ അവസാനിച്ചു.

ഇതിനുപിന്നാലെ കിരീടവുമായി നടത്തിയ ഇഷാൻ കിഷന്റെ സെലിബ്രേഷനാണ് ഇപ്പോൾ വൈറലാവുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്ങായ ബോളിവുഡ് ചിത്രം 'ധുരന്ദറി'ലെ അക്ഷയ് ഖന്നയുടെ വൈറൽ ഡാൻസാണ് ഇഷാൻ ട്രോഫിയുമായി റീക്രിയേറ്റ് ചെയ്തത്. രൺവീർ സിങ് നായകനായ ധുരന്ദർ സിനിമയ്ക്ക് ആദ്യദിനങ്ങളിൽ ബോക്സ്ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും അക്ഷയ് ഖന്നയുടെ പ്രകടനവും ഒരു സീനിലെ ഡാൻസും നിമിഷനേരം കൊണ്ടാണ് റീലുകളിലും സോഷ്യൽ മീഡിയയിലും വൈറലാകാൻ തുടങ്ങിയത്. ചിത്രത്തിലെ ഒരു സീനിൽ ഒരു പാട്ടിന്റെ അകമ്പടിയിൽ അക്ഷയ് ഖന്ന ഡാൻസ് കളിച്ച് വരുന്ന സീൻ ആണ് വൈറലായത്. പക്കാ വൈബിൽ സ്റ്റൈലിഷ് മൂഡിലാണ് നടന്റെ ഡാൻസ്. തിയേറ്ററിൽ ഈ സീനിന് വലിയ കയ്യടികളാണ് ലഭിച്ചത്.

We've seen these moves before 🕺😉Can you guess where it's from? 🤔🎥 The story behind Jharkhand's unique celebrations after clinching their maiden Syed Mushtaq Ali Trophy 😀#SMAT | @IDFCFIRSTBank | @ishankishan51 pic.twitter.com/2CIz6sf83Q

കിഷന്റെ ഡാൻസ് വൈറലായതോടെ റീൽ ചെയ്യാനുണ്ടായ കാരണവും താരം വിശദീകരിച്ചു. "ധുരന്ദർ സിനിമ ഞാൻ ഇപ്പോഴാണ് കണ്ടത്. അതിൽ വളരെ സ്പെഷ്യലായ സ്റ്റെപ്പുണ്ട്. അതുകൊണ്ടുതന്നെ ടീമം​ഗങ്ങൾ എന്നോട് ആ സ്റ്റെപ്പ് അനുകരിച്ചുകൊണ്ട് ട്രോഫിയുമായി വരാൻ ആവശ്യപ്പെടുകയായിരുന്നു. കിരീടം സ്വന്തമാക്കിയ ആ നിമിഷം ഞാൻ ഒരുപാട് വികാരാധീനനായിരുന്നു. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം ഞങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ആവശ്യമായ വിജയമായിരുന്നു ഇത്. ആ വിജയത്തിൽ ഞാൻ വളരെ സന്തോഷവാനായ ഞാൻ ആ സ്റ്റെപ്പ് ചെയ്തു, എല്ലാവരും അത് ആസ്വദിക്കുകയും ചെയ്തു", ഇഷാൻ കിഷൻ പറഞ്ഞു.

അതേസമയം ക്യാപ്റ്റൻ കൂടിയായ ഇഷാൻ കിഷന്റെ സെഞ്ച്വറി കരുത്തിലാണ് ജാർഖണ്ഡ് വലിയ ടോട്ടൽ പടുത്തുയർത്തിയത്. വെറും 45 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. 10 സിക്സറുകളും ആറ് ഫോറുകളും കിഷന്റെ ബാറ്റിങ്ങിൽ നിന്ന് പിറന്നു. 49 പന്തിൽ 101 റൺസ് നേടി ക്യാപ്റ്റൻ കൂടിയായ ഇഷാൻ പുറത്തായി.

Content Highlights: Ishan Kishan recreates Akshaye Khanna's Viral 'Dhurandhar' Dance Steps after Jharkhand's SMAT Final Win

To advertise here,contact us