ഫൈനലിൽ വെടിക്കെട്ട് സെഞ്ച്വറി നേടി ജാർഖണ്ഡിനെ സയ്യിദ് മുഷ്താഖ് അലി കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ പ്രതികരണവുമായി യുവതാരം ഇഷാന് കിഷന്.
ഇന്ത്യൻ ടീമില് നിന്നൊഴിവാക്കിയപ്പോള് പലപ്പോഴും വിഷമം തോന്നിയിരുന്നു, പക്ഷെ എനിക്ക് ഇപ്പോള് അത്തരം പ്രതീക്ഷകളൊന്നുമില്ല, ഏത് ടീമിനായി കളിച്ചാലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കാറുള്ളതെന്നും താരം പറഞ്ഞു.
ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോള് പലപ്പോഴും എന്റെ പേരുണ്ടോ എന്ന് നോക്കാറുണ്ട്. ഇല്ലെന്ന് അറിയുമ്പോള് വിഷമം തോന്നാറുണ്ടായിരുന്നു. എന്നാലിപ്പോള് അങ്ങനെ ഒന്നും തോന്നാറില്ല. കാരണം, ഞാന് ഒന്നും പ്രതീക്ഷിക്കുന്നില്ല. മികച്ച പ്രകടനം നടത്തുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും കിഷന് പറഞ്ഞു.
ഫൈനലിൽ ജാർഖണ്ഡിന് വേണ്ടി ഹരിയാനയ്ക്കെതിരെ വെറും 45 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. 10 സിക്സറുകളും ആറ് ഫോറുകളും കിഷന്റെ ബാറ്റിങ്ങിൽ നിന്ന് പിറന്നു. 49 പന്തിൽ 101 റൺസ് നേടി ക്യാപ്റ്റൻ കൂടിയായ ഇഷാൻ പുറത്തായി. താരത്തിന്റെ സെഞ്ച്വറി മികവിൽ 69 റൺസിനായിരുന്നു ജാർഖണ്ഡിന്റെ ഫൈനൽ ജയം.
ഈ ടൂർണമെന്റിൽ 10 ഇന്നിംഗ്സുകളിൽ നിന്ന് 197.32 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിൽ 517 റൺസാണ് താരം നേടിയത്. ഐ പി എല്ലിലും മികച്ച പ്രകടനം കാഴ്ച വെച് ദേശീയ ടീമിൽ തിരിച്ചെത്താനാണ് ശ്രമം.
Content Highlights: ishan kishan about india team selection after syed mushtaq ali trophy win